തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്ടൻ എന്നു വിളിക്കുന്നതിനെ ചൊല്ലി രണ്ട് ചേരി ഇപ്പോൾ സിപിഎമ്മിനുള്ളിൽ രൂപം കൊണ്ടിട്ടുണ്ട്. ക്യാപ്ടൻ വിളി വേണ്ടെന്ന അഭിപ്രായമാണ് കോടിയേരിയും പി ജയരാജനും ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഈ വിളിയെ അംഗീകരിച്ചു കൊണ്ട് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും രംഗത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയനെ ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്നും അഗ്‌നി പരീക്ഷണങ്ങളിൽ പാർട്ടിയെ നയിച്ച ആളാണ് അദ്ദേഹമെന്നുമാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രതികരിച്ചത്. 'വ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്യാറില്ല. എന്നാൽ രാഷ്ട്രീയ ബഹുജന സമരങ്ങളിലൂടെ ചിലർ നാടിന്റെ നേതൃത്വത്തിലേക്ക് സ്വാഭാവികമായി ഉയർന്നുവരും.

ഒരു തീരുമാനവും കൂടാതെ ജനം നെഞ്ചിലേറ്റുന്നവർ പ്രചാരണ ബോർഡുകളിലും ഫ്‌ളക്സുകളിലുമൊക്കെ വരും. പാർട്ടിയുടെ സെക്രട്ടറിയായി അഗ്‌നിപരീക്ഷണങ്ങളിലെല്ലാം പാർട്ടിയെ നയിച്ച ആളാണ് പിണറായി വിജയൻ. അദ്ദേഹം സർക്കാരിന്റെ നേതൃത്വത്തിലിരുന്നുകൊണ്ട് രാജ്യവും ലോകവും ശ്രദ്ധിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തു. അപ്പോൾ ജനങ്ങൾ നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണ്', ബേബി പറഞ്ഞു.

പിണറായി വിജയനടക്കം ഓരോ അംഗങ്ങൾക്കും അവരുടെ അനുഭവസമ്പത്തും സീനിയോറിറ്റിയും അനുസരിച്ച് പാർട്ടി ഫോറങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിന് കൊടുക്കേണ്ട മൂല്യവും പാർട്ടികൊടുക്കും. മുണ്ടുടുത്ത മോദിയെന്ന ആഭാസകരമായ ആക്ഷേപങ്ങൾ ഉയർത്തുന്നവർ ആരാണ്? കോൺഗ്രസ് നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് 23 പേർ ചേർന്ന് കത്തെഴുതേണ്ടി വന്നു. കുടുംബത്തിൽ പെട്ടവർ മാറിയും തിരിഞ്ഞും ഭാരവാഹിയായി തുടരുന്നത് കോൺഗ്രസിന്റെ ഭാവിക്ക് നല്ലതല്ലെന്ന് പറഞ്ഞാണ് 23 പേർ കത്തെഴുതിയത്. ആ കത്ത് ചവറ്റുക്കുട്ടയിൽ വലിച്ചിട്ടവരാണ് ഏകാധിപതിയായ മോദിയേയും ജനാധിപത്യത്തിന് വേണ്ടി പൊരുതുന്ന പിണറായിയേയും താരതമ്യം ചെയ്യുന്നത്. ഇതിനെ ആശയപരമായ പാപ്പരത്തം എന്നേ പറയാനുള്ളൂവെന്നും ബേബി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ പിന്തുണച്ച് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും രംഗത്തുനന്നു. മികച്ച നേതൃപാടവമുള്ളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ പൊതുജനത്തിന് ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പല പേരും നൽകുന്നത്. അത് മുഖ്യമന്ത്രിക്കുള്ള അംഗീകാരമാണെന്നും വിജയരാഘവൻ പറഞ്ഞു.

പാർട്ടിയാണ് ക്യാപ്റ്റനെന്ന് പി ജയരാജൻ ഇന്ന് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. പണ്ട് തന്റെ പേരിൽ അണികൾ പാട്ടെഴുതി വീഡിയോ പുറത്തിറക്കിയതിൽ പാർട്ടിയിൽ നടപടിയുണ്ടായതിനെ പി ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പരോക്ഷമായി ഓർമിപ്പിച്ചു. എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ എന്ന് കോടിയേരി പറഞ്ഞതോർക്കണം എന്ന് പറയുന്നതിലൂടെ, അന്ന് തനിക്കെതിരെ നടപടിയെടുക്കാൻ മുൻകൈയെടുത്ത പിണറായി വിജയനെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നു പി ജയരാജൻ.

നേരത്തെ പി. ജയരാജനെ പുകഴ്‌ത്തിക്കൊണ്ട് പുറത്തിറങ്ങിയ പാട്ട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കണ്ണൂരിൻ താരകമല്ലോ എന്ന് തുടങ്ങുന്ന പാട്ടിനെതിരെ സിപിഎം നേതൃത്വം രംഗത്തെത്തുകയും ജയരാജനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ സമാനമായ രീതിയിൽ വ്യക്തിപൂജ വിവാദം മുഖ്യമന്ത്രിക്കെതിരേ ഉയരുന്ന സാഹചര്യത്തിലാണ് പരോക്ഷമായ വിമർശനമായി ജയരാജൻ ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

'ക്യാപ്റ്റൻ' എന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പം വേണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ആളുകളുടെ താൽപര്യത്തിന് അനുസരിച്ച് പലതും വിളിക്കും. 'ക്യാപ്റ്റൻ' വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാൻ പോകുന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാർട്ടിയിൽ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂർ പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പ്രതികരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പരാമർശം.