തിരുവനന്തപുരം: കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ എം എ വാഹിദിനെ ബിജെപിയിലേക്ക് ചാടിക്കാൻ ശ്രമിച്ചത് ഡിസിസി ജനറൽ സെക്രട്ടറിമാരിൽ ഒരാൾ. തനിക്ക് 25 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്‌തെന്നും തിരുവനന്തപുരത്ത് മത്സരിക്കാൻ സീറ്റ് നൽകാമെന്ന് പറഞ്ഞതായും വാഹിദ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തന്നെ സമീപിച്ചതാരാണെന്ന് വാഹിദ് വ്യക്തമാക്കിയിരുന്നില്ല. മറുനാടൻ മലയാളി വാഹിദിന്റെ അടുത്ത വൃത്തങ്ങളുമായി നടത്തിയ സംഭാഷണത്തിലാണ് ഡിസിസി ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് ബിജെപിക്ക് വേണ്ടി വാഹിദിനെ സമീപിച്ചതെന്ന് വ്യക്തമായത്.

കണിയാപുരം ജുമാമസ്ജിദിന് സമീപത്തുവച്ചാണ് ആഡംബര കാർ ഉപയോഗിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി വാഹിദിനെ സമീപിച്ചത്. വെള്ളിയാഴ്ച നിസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയ വാഹിദിനെ കാത്തുനിൽക്കുകയായിരുന്നു ഇദ്ദേഹം. തുടർന്ന് കെ സുരേന്ദ്രൻ ഫോണിലുണ്ടെന്നും വാഹിദിക്കയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതായും പറഞ്ഞു. എന്നാൽ, വാഹിദ് ഇതിനു തയ്യാറായില്ല. തുടർന്ന് ഇയാൾ തന്നെ ഡീൽ സംസാരിക്കുകയായിരുന്നു.

25 കോടിയും തിരുവനന്തപുരത്ത് സീറ്റുമായിരുന്നു വാഹിദിന് നൽകിയ വാഗ്ദാനം. മറ്റ് പലരെയും തങ്ങൾ സമീപിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. പല മണ്ഡലങ്ങളിലും അട്ടിമറി നടക്കുമെന്നും ഇതിനുള്ള ചർച്ചകൾ നടക്കുമെന്നും ഇയാൾ സൂചന നൽകിയിരുന്നു. എന്നാൽ, മറ്റേതെങ്കിലും പാർട്ടിക്ക് വേണ്ടി നടത്തിയ ഒത്തുകളിയാണോ ഇതെന്നും സംശയമുണ്ട്.

നെടുമങ്ങാട് മണ്ഡലത്തിലും ഇത്തരം അട്ടിമറി നീക്കം നടന്നതായി സൂചനയുണ്ട്. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് വാഹിദ് ബിജെപി തനിക്ക് പണവും സീറ്റും വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്. കഴക്കൂട്ടത്ത് നിർണായക സ്വാധീനമുള്ള ആളാണ് വാഹിദ്. വാദിഹിന് അർഹമായ സ്ഥാനങ്ങൾ പാർട്ടിക്കുള്ളിൽ നൽകിയിരുന്നില്ലെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു.

മൂന്ന് ടേമുകളിൽ കഴക്കൂട്ടത്ത് കോൺഗ്രസിന്റെ വിജയക്കൊടി പാറിച്ച ചരിത്രമുള്ള ആളാണ് വാഹിദ്. എന്നിട്ടും ഗ്രൂപ്പ് സമവാക്യങ്ങളിൽ പെട്ട് പിന്നീട് സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു. ഇത് മുതലെടുക്കാനായിരുന്നു ശ്രമമെന്നും ആരോപണമുണ്ട്. എന്നാൽ, വോട്ട് കച്ചവടത്തിൽ ബിജെപിയെ കുരുക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇതിനു പിന്നിലെന്നും സംശയം ഉയരുന്നുണ്ട്.