കൊച്ചി: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎ‍ൽഎ എം.സി കമറുദ്ദീന് ജാമ്യം. പൊലീസ് രജിസ്റ്റർ ചെയ്ത മൂന്നു നിക്ഷേപ തട്ടിപ്പ് കേസുകളിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്. അതേസമയം, മറ്റ് കേസുകളിൽ പ്രതിയായതിനാൽ കമറുദ്ദീന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.

മൂന്നു മാസത്തേക്ക് ഈ കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന കർശന ഉപാധിയിലാണ് ജാമ്യം. ഇത് കൂടാതെ സാധാരണ ജാമ്യത്തിന് കോടതി നിർദേശിക്കുന്ന ഉപാധികളും പാലിക്കണം. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കമറുദ്ദീൻ ഹൈക്കോടതിയിൽ ഹരജി നൽകിയത്. സാമ്പത്തിക തട്ടിപ്പിൽ 84 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണം എന്നത് ജാമ്യം ലഭിക്കാനുള്ള കാരണമല്ലെന്നും സർക്കാർ വാദിച്ചു.