കോഴിക്കോട്: ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയെങ്കിലും ഹരിത ഭാരവാഹികളുമായി ആശയവിനിമയം തടഞ്ഞിട്ടില്ലെന്ന് എം കെ മുനീർ എംഎൽഎ. മുസ്ലിം ലീഗ് നേതൃത്വം വീണ്ടും ഹരിത നേതാക്കളുമായി ചർച്ച നടത്തും എന്നതിന്റെ സാധ്യതകൾ സൂചിപ്പിച്ചുകൊണ്ടായിരുന്നു മുനീറിന്റെ പ്രതികരണം. പാർട്ടി ഒരിക്കലും ഹരിത നേതാക്കളെ പുറത്തായിട്ടില്ല.

മറിച്ച് ഭാരവാഹിത്വത്തിൽ നിന്നും മാത്രമെ പുറത്താക്കിയിട്ടുള്ളൂവെന്നും മുനീർ ഓർമ്മിപ്പിച്ചു. ഹരിത നേതാക്കളെ പ്രശംസിച്ച് കൊണ്ടായിരുന്നു മുനീറിന്റെ പ്രതികരണം. 'നമ്മുടെ മുഴുവൻ കുട്ടികളും ബ്രില്ല്യന്റാണ്. ഇനിയും ഉണ്ട് ബ്രില്ല്യന്റായ കുട്ടികൾ' എന്നായിരുന്നു മുനീറിന്റെ വാക്കുകൾ.

കഴിഞ്ഞ ദിവസം പികെ കുഞ്ഞാലിക്കുട്ടിയും ഇതേ പരാമർശം നടത്തിയിരുന്നു. ഹരിത വിഷയം പാർട്ടി വീണ്ടും ചർച്ചചെയ്യുമെന്ന് മുതിർന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിലെ പ്രധാന നേതാക്കളുമായി ഈ വിഷയം ചർച്ചചെയ്തു വരികയാണ്. ഇതിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്യേണ്ടതുണ്ട്. ഞങ്ങൾ വളർത്തിക്കൊണ്ടുവന്ന കുട്ടികൾ പ്രഗൽഭരാണ്.

സമൂഹമാധ്യമങ്ങൾടക്കം വാർത്തകളെ വക്രീകരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണകേസിൽ ഇഡിക്ക് മുന്നിൽ ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ഹരതിയെ പിന്തുണച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.