തിരുവനന്തപുരം: മരം കൊള്ള വിഷയത്തിൽ യുഡിഎഫ് സംസ്ഥാന സർക്കാറിനെതിരെ സമരത്തിന്. 250 കോടിയുടെ മരം കൊള്ള നടന്നുവെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ ആരോപിച്ചു. മുഖ്യമന്ത്രിയുടേയും മുൻ വനം, റവന്യൂ മന്ത്രിമാരുടെയും പങ്ക് അന്വേഷിക്കണം. ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണം. ജുഡീഷ്യൽ അന്വേഷണത്തിനായി പ്രത്യക്ഷ സമരം നടത്തും.

മറ്റന്നാൾ ആയിരം സർക്കാർ ഓഫീസുകൾക്ക് മുന്നിൽ യു ഡി എഫ് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.സഹകരണവും സമരവും അതാണ് യുഡിഎഫ് നയമെന്ന് പറഞ്ഞ ഹസൻ സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് സഹകരണം നൽകുമെന്നും അഴിമതിക്കെതിരെ സമരം ചെയ്യുമെന്നും വ്യക്തമാക്കി. കെ റെയിൽ പദ്ധതിയെ കുറിച്ച് യു ഡി എഫ് പഠനം നടത്തും. ഇതിനായി എം കെ മുനീർ അദ്ധ്യക്ഷനായി യു ഡി എഫ് ഉപസമിതിയെ നിശ്ചയിച്ചു.

പത്ത് ദിവസത്തിനുള്ളിൽ സമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഈ വിഷയത്തിൽ മുന്നണി ചർച്ച ചെയ്ത് മുന്നണി നിലപാട് പ്രഖ്യാപിക്കുമെന്നും ഹസൻ പറഞ്ഞു.കെ പി സി സിയിൽ ഇനി ജംബോ കമ്മിറ്റികൾ വേണ്ടെ. തീരുമാനമെടുത്താൽ പ്രായോഗികമാക്കാവുന്ന കാര്യമാണിത്. കെ പി സി സി ഓഫീസിലെ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിൽ, കേസ് നിയമപരമായി നേരിടും. ബ്രണ്ണൻ കോളേജ് വിവാദത്തിൽ പൈങ്കിളി വാരികയിൽ വന്ന ലേഖനത്തിന് മുഖ്യമന്ത്രി മറുപടി പറയരുതായിരുന്നുവെന്നും ഹസൻ പറഞ്ഞു.