ഇടുക്കി: ശബരിമല യുവതീപ്രവേശനത്തിൽ എൽഡിഎഫ് നിലപാട് മയപ്പെടുത്തിയിരിക്കവേ എൻഎസ്എസിനെതിരെ കടന്നാക്രമിച്ച് വൈദ്യതി മന്ത്രി എം എം മണി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി എം എം മണി പ്രതികരിച്ചു. നാമജപ ഘോഷയാത്രയ്ക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരൻ നായരാണ്. എൻ എസ് എസിന്റെ നിലപാട് യു ഡി എഫിനെ സഹായിക്കാനാണ്. സുകുമാരൻനായർ കോൺഗ്രസിൽ ചേർന്ന് മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങണമെന്നും എം എം മണി പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം ഇപ്പോൾ. കോടതിയുടെ വിധി വന്നതിന് ശേഷം സർക്കാർ തുടർ നടപടി സ്വീകരിക്കും. സർവ്വകക്ഷി യോഗം ചേർന്ന് കൂട്ടായ ആലോചനയ്ക്ക് ശേഷമായിരിക്കും സർക്കാർ തീരുമാനമെടുക്കുക. അതുവരെ വിഷയത്തിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും എം എം മണി പറഞ്ഞു.ഇടുക്കിയിൽ യു ഡി എഫിന് മുൻതൂക്കം ഉണ്ടാകുമെന്ന അഭിപ്രായ സർവേകളെ മണി തള്ളി. ഇടുക്കിയിൽ അഞ്ച് മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥികൾ ജയിക്കും. തൊടുപുഴയിൽ പി ജെ ജോസഫ് തോൽക്കുമെന്നും മണി പറഞ്ഞു.

എൻ ഡി എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിനു പിന്നിൽ രമേശ് ചെന്നിത്തലയാണ്. ബിജെപിയുമായി അടുത്ത ബന്ധമാണ് രമേശ് ചെന്നിത്തലക്ക് ഉള്ളതെന്നും എം എം മണി കുറ്റപ്പെടുത്തി. പോളിങ് ബൂത്തിലേക്ക് പോകാൻ നേരത്ത് വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിക്കുന്ന ചെന്നിത്തലയുടെ നിലപാട് വിഡ്ഢിത്തരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് ചർച്ചാവിഷയം ആക്കിയയത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടായിരുന്നു. സിപിഐഎം നേതാക്കൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് പാർട്ടി നേതൃത്വത്തെ തന്നെ വെട്ടിലാക്കിയിരുന്നു. സ്ത്രീ പ്രവേശന വിഷയം സംബന്ധിച്ച് സിപിഐഎം നേതാക്കൾ തന്നെ നിലപാട് മയപ്പെടുത്തി ഇരിക്കുമ്പോഴാണ് എം എം മണിയുടെ രൂക്ഷ വിമർശനം എന്നതും ശ്രദ്ധേയമാണ്.

നേരത്തെ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് സുകുമാരൻ നായർ രംഗത്തുവന്നിരുന്നു. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ വ്യക്തവും സത്യസന്ധവുമായ നിലപാട് ഉണ്ടായിരുന്നെങ്കിൽ നേതാക്കന്മാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കേസിന്റെ ആരംഭം മുതൽ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരേ നിലപാടാണ് നായർ സർവീസ് സൊസൈറ്റി ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും എൻഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിൽ സുകുമാരൻ നായർ വ്യക്താക്കിയിരുന്നു.