രാജകുമാരി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വീട്ടിൽ നിന്നും രണ്ട് സ്ഥാനാർത്ഥികൾ ഉണ്ടാകുന്നത് അച്ഛനും മകനും തമ്മിൽ മത്സരിക്കുന്നതുമൊന്നും പുതുമയുള്ള കാര്യമല്ല. ഇടുക്കിയിലും ഇത്തരം ബന്ധുക്കൾ തമ്മിലുള്ള മത്സരം നടക്കുന്നുണ്ട്. അതും മന്ത്രി ബന്ധുക്കൾ തമ്മിൽ. മന്ത്രി എം.എം മണിയുടെ ബന്ധുവും കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്.

എതിരെ മത്സരിക്കുന്നതും മന്ത്രി ബന്ധുതന്നെയാണെന്ന പ്രത്യേകതയുമുണ്ട്. മണിയുടെ ഭാര്യാ സഹോദരനും സിപിഎം രക്തസാക്ഷിയുമായ തങ്കപ്പന്റെ ഭാര്യ ആനന്ദവല്ലിയുടെ സഹോദരൻ വി.ബി.സന്തോഷാണ് കോൺഗ്രസ് സ്ഥാനാർത്ഥി. എതിരെ മത്സരിക്കുന്നത് മണിയുടെ സഹോദരൻ എം.എം.ലംബോദരന്റെ ഭാര്യാസഹോദരനും സിപിഎം നേതാവുമായ പി.എ.സുരേന്ദ്രനാണ് ബൈസൺവാലി പഞ്ചായത്ത് അഞ്ചാം വാർഡിലാണ് മന്ത്രി ബന്ധുക്കളുടെ പോരാട്ടം.

2015 ൽ എൽഡിഎഫ് സ്വതന്ത്രനായി ഏഴാം വാർഡിൽ നിന്ന് വിജയിച്ചതാണ് സന്തോഷ്. ബൈസൺവാലിയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തവരിൽ പ്രധാനിയായ വടക്കേത്തറയിൽ ഭാസ്‌കരന്റെ മകനാണു സന്തോഷ്. സിപിഎം ലോക്കൽ കമ്മിറ്റിയംഗമായിരുന്നു ഭാസ്‌കരൻ. തങ്കപ്പൻ രണ്ടര പതിറ്റാണ്ട് മുൻപ് ആർഎസ്എസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു.

ജനപ്രതിനിധിക്കു ചേരാത്ത സ്വഭാവ ദൂഷ്യങ്ങളുള്ളതിനാലാണു സന്തോഷിനെ ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ നിന്നൊഴിവാക്കിയതെന്നു സിപിഎം നേതാക്കൾ പറയുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് സന്തോഷ് വിശദീകരിക്കുന്നു. സിപിഎം സ്ഥാനാർത്ഥി സുരേന്ദ്രൻ ബൈസൺവാലി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റാണ്.