തിരുവനന്തപുരം: എം ശിവശങ്കരനെ തള്ളിപ്പറഞ്ഞ് പിണറായി വിജയനെ ന്യായീകരിച്ച മന്ത്രി ജി സുധാകരനെതിരെ ബിജെപി നേതാവ് എം ടി രമേശ്. ജി സുധാകരൻ രാമയണത്തെ കൂട്ടുപിടിച്ചത് പിണറായി വിജയനെ രാവണനോട് ഉപമിക്കാനാണെന്ന് അദ്ദേഹം വിമർശിച്ചു. രാമായണം മുഴുവൻ വായിച്ചിട്ടും സീതയും രാമനും തമ്മിലുള്ള ബന്ധം എന്തെന്ന് തിരയുന്ന അൽപ്പജ്ഞാനിയാണ് മന്ത്രിയെന്നും രമേശ് ഫേസ്‌ബുക്കിലെഴുതി.

തെറ്റിന് കൂട്ടു നിൽക്കുന്നവരും തെറ്റുകാർ തന്നെയാണ്. രാവണൻ പറയുന്നത് കണ്ണടച്ച് അനുസരിക്കുന്ന മറ്റ് കുഭകർണ്ണന്മാർക്കിടയിൽ ഒരു വിഭീഷണനെങ്കിലും ഉണ്ടായിരുന്നെങ്കിൽ ജനങ്ങൾക്ക് അത് ആശ്വാസമായേനേയെന്നും അദ്ദേഹം പരിഹസിച്ചു.

എം ടി രമേശിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

രാമായണം മുഴുവൻ വായിച്ചിട്ടും സീതയും രാമനും തമ്മിലുള്ള ബന്ധമെന്തെന്ന് തിരയുന്ന അൽപ്പജ്ഞാനികളെപ്പോലെയാണ് മന്ത്രി ജി സുധാകരൻ. രാമായണത്തിലെ ചില തത്വങ്ങൾ മനസിലായത് തന്നെ മഹാഭാഗ്യമാണ്. രാമായണമാസത്തിൽ പ്രതിപക്ഷം പിണറായി വിജയനെ വേട്ടയാടിയെന്ന് പറയുന്നത് അതുകൊണ്ടാണ്. രാമായണത്തിൽ രാവണനെ വേട്ടയാടിപ്പിടിച്ചത് ശ്രീരാമനാണ്. കേരള രാഷ്ട്രീയത്തിലെ രാവണനായി പിണറായി വിജയനെ ഉപമിക്കാൻ സുധാകരന് സാധിച്ചത് അദ്ദേഹം ചില കാര്യങ്ങൾ മനസിലാക്കിയതു കൊണ്ടാണ്.

ശിവശങ്കരൻ സെക്രട്ടറിയേറ്റ് നാറ്റിച്ചെന്ന് പറയുന്ന സുധാകരൻ അത് മുഖ്യമന്ത്രിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. സ്വന്തം മൂക്കിന് കീഴിലുള്ള ദുർഗന്ധം തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ കഴിവുകെട്ടവനാണ് മുഖ്യമന്ത്രിയെന്ന് ഇതോടെ സുധാകരൻ സമ്മതിച്ചിരിക്കുകയാണ്. ശിവശങ്കരനെ വിശ്വസിച്ചതിൽ മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയെന്നാണ് സുധാകരൻ വരികൾക്കിടയിലൂടെ പറയുന്നത്. ഇത് മുഖ്യമന്ത്രിക്കുള്ള മുന്നറിയിപ്പാണ്. അപ്രിയമായ ഇത്തരം കാര്യങ്ങൾ പിണറായിയോട് നേരിട്ട് പറയാൻ ധൈര്യമില്ലാത്തതിനാലാണ് അദ്ദേഹം രാമായണത്തെ കൂട്ടു പിടിച്ചത്.

രാമായണം നൽകിയ ധൈര്യമാണ് സുധാകരന് ഉള്ളത്. രാവണപാളയം ഉപേക്ഷിച്ച് ധർമ്മത്തിനൊപ്പം ചേർന്ന വിഭീഷണനാകാനുള്ള അവസരം സുധാകരൻ പ്രയോജനപ്പെടുത്തണം. രാവണൻ കുലം മുടിക്കുമെന്ന് മുൻകൂട്ടി മനസിലാക്കിയ ആളായിരുന്നു വിഭീഷണൻ. അദ്ദേഹം അത് രാവണന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. ആ ധൈര്യം കാണിക്കാൻ ഇടത് പാളയത്തിൽ ഒരാൾ പോലും ഇല്ലെന്നതാണ് യാഥാർത്ഥ്യം. അവരൊക്കെ കുംഭകർണ്ണന്റെ പാതയിലാണ്. വിശ്വസ്തൻ സ്വന്തം വകുപ്പിൽ കാണിച്ചു കൂട്ടിയ കൊള്ളരുതായ്മകൾ തിരിച്ചറിയാൻ സാധിക്കാത്ത പിണറായി വിജയൻ ദുർബലനായ ഭരണാധികാരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

തെറ്റിന് കൂട്ടു നിൽക്കുന്നവരും തെറ്റുകാർ തന്നെയാണ്. രാവണൻ പറയുന്നത് കണ്ണടച്ച് അനുസരിക്കുന്ന മറ്റ് കുഭകർണ്ണന്മാർക്കിടയിൽ ഒരു വിഭീഷണനെങ്കിലും ഉണ്ടായിരുന്നെങ്കിൽ ജനങ്ങൾക്ക് അത് ആശ്വാസമായേനേ.