തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഐഎ ചോദ്യം ചെയ്‌തെങ്കിലും മന്ത്രി കെ ടി ജലീലിനെ സംരക്ഷിച്ചു സിപിഎം. കേസു വന്നാലും മന്ത്രി കെ ടി ജലീൽ രാജിവെക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ. ചോദ്യം ചെയ്തതിന്റെ പേരിൽ എന്തിനാണ് ജലീൽ രാജിവെക്കേണ്ടത്. അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കേസിൽ എൻഐഎ അന്വേഷണം തുടരട്ടെ. പരിപക്വമായ സാഹചര്യം വരുമ്പോൾ പരിപക്വമായി പ്രതികരിക്കും. ഇപ്പോൾ രാജിവെക്കേണ്ട സാഹചര്യം ഇല്ല. ഈ കേസിൽ ഒന്നാം പ്രതിയാകേണ്ടത് ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരനാണ്. ഇപ്പോഴും അയാൾ പറയുന്നത് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ലഗേജ് അല്ല എന്നാണ്. രണ്ടാമത്തെ ആൾ അനിൽ നമ്പ്യാരാണ്. അന്വേഷണം ശരിയായ ദിശയിലാണെങ്കിൽ ഇവരിലേക്കും അന്വേഷണം എത്തുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

ഇന്ന പുലർച്ചെ ആറുമണിയോടെയാണ് ആലുവ മുൻ എംഎൽഎ എഎം യൂസഫിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാറിൽ മന്ത്രി എത്തിയത്. മതഗ്രന്ഥത്തിന്റെ മറവിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നതിനായി എൻഐഎ വിളിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീൽ രാജിവെക്കുന്ന പ്രശ്നമില്ല. അന്വേഷണം നടക്കട്ടെ. ഒന്നും മറച്ചുവെക്കാനില്ല. എൻ.ഐ.എ വിളിപ്പിച്ചു അദ്ദേഹം പോയി. അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനു ഹാജരാവാൻ മന്ത്രി കെടി ജലീൽ എൻഐഎയ്ക്കു മുന്നിൽ നിബന്ധനകൾ വച്ചിരുന്നതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ചോദ്യം ചെയ്യൽ ഓൺലൈൻ വഴിയാക്കണം, പകൽ ചോദ്യം ചെയ്യുന്ന് ഒഴിവാക്കണം എന്നീ ആവശ്യങ്ങൾ അന്വേഷണ സംഘം തള്ളിയതിനെത്തുടർന്നാണ് ഇന്നു രാവിലെ ജലീൽ എൻഐഎ ഓഫിസിൽ ഹാജരായത് എന്നാണ് അറിയുന്നത്.

എൻഐഎ ചോദ്യം ചെയ്യുന്നത് വലിയ വാർത്തയാവാതിരിക്കാൻ ജലീൽ നീക്കം നടത്തിയതായാണ് റിപ്പോർട്ടുകൾ. ചോദ്യം ചെയ്യൽ ഓൺലൈൻ വഴിയാവാമോയെന്ന് ജലീൽ അന്വേഷണ സംഘത്തോട് ആരാഞ്ഞു. ഇതിനു കഴിയില്ലെങ്കിൽ രാത്രിയിൽ ഹാജരായാൽ മതിയോ എന്നും ചോദിച്ചതായാണ് സൂചനകൾ. ഇതു രണ്ടും അംഗീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്നാണ് രാവിലെ ആറു മണിയോടെ ജലീൽ കൊച്ചി എൻഐഎ ഓഫിസിൽ എത്തിയത്.

പുലർച്ചെ ആറ് മണിയോടെ മുൻ എംഎൽഎ യൂസഫിന്റെ കാറിലാണ് ജലിൽ എൻഐഎ ഓഫീസിൽ എത്തിയത്. യുഎഇ കോൺസുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ കൈപ്പറ്റി വിതരണം ചെയ്തതിന്റെ മറവിൽ സ്വർണ കടത്ത് അല്ലെങ്കിൽ ഹവാല ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെപശ്ചാത്തലത്തിലാണ് മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത്. മന്ത്രിയെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എൻഐഒ ഓഫീസിന് മുൻപിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച് ഇഡിക്ക് മന്ത്രി നൽകിയ മൊഴി ഇന്നലെ എൻഐഎ പരിശോധിച്ചു.