തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എംഎ ബേബി വിമർശനമുയർത്തിയത്.

ഫാസിസം എമണ്ടൻ കെട്ടിടങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം സ്ഥായിയാക്കാൻ ശ്രമിക്കും. ജനാധിപത്യം, വാസ്തുശില്പപാരമ്പര്യത്തെ സംരക്ഷിക്കാൻ ശ്രമിക്കും.

നാഷണൽ ആർക്കൈവ്‌സ്, നാഷണൽ മ്യൂസിയം, ഇന്ദിരാ ഗാന്ധി ദേശീയ കലാകേന്ദ്രം എന്നീ സാംസ്‌കാരിക കേന്ദ്രങ്ങളുടെ കെട്ടിടങ്ങൾ പൊളിച്ച് ഈ സ്ഥാപനങ്ങളെ നഗരകേന്ദ്രത്തിൽ നിന്ന് മാറ്റിയിട്ടാണ് ഹിറ്റ്‌ലറുടെ ജർമാനിയ പോലെ മോദിയുടെ 'ഇന്ത്യാനിയ' ഡൽഹിയിൽ നിർമ്മിക്കപ്പെടുന്നതെന്നും എം എ ബേബി വിമർശിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്ത്യയിലെ അതിഗുരുതരമായ കോവിഡ് സാഹചര്യത്തിൽ ഡെൽഹിയിലെ 'സെൻട്രൽ വിസ്റ്റ' അവന്യു പുനർനിർമ്മാണ പദ്ധതി നിറുത്തി വയ്ക്കണമന്നപേക്ഷിക്കുന്ന പൊതുതാല്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളിക്കളഞ്ഞു.

ഹർജി നല്കിയ എഴുത്തുകാരിയും വിവർത്തകയുമായ അന്യ മൽഹോത്ര, ചരിത്രകാരനായ സൊഹൈൽ ഹഷ്മി (സഫ്ദർ ഹഷ്മിയുടെ സഹോദരൻ) എന്നിവർക്ക് ഒരു ലക്ഷം രൂപ പിഴയിട്ടുകൊണ്ടാണ് കേസ് തള്ളിയത്. അങ്ങേയറ്റം നിരാശാജനകമായ ഒരു കോടതിവിധിയാണിത്.

ഇത്തരം പൊതുതാല്പര്യങ്ങളുമായി കോടതിയിൽ എത്തുന്നതിൽ നിന്ന് പൗരരെ നിരുത്സാഹപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയുള്ളത്. പൊതുതാല്പര്യവ്യവഹാരത്തെ പ്രോത്സാഹിപ്പിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തുടങ്ങിയ മഹാരഥരുടെ പാരമ്പര്യത്തിന് കടകവിരുദ്ധം.

ഇന്ത്യയുടെ പാർലമെന്റും നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, കേന്ദ്ര സെക്രട്ടേറിയറ്റിന്റെ മറ്റു മന്ത്രാലയങ്ങൾ എന്നിവയും വരുന്ന ഭരണകേന്ദ്രം പുനർനിർമ്മിക്കുകയാണ് ഈ പദ്ധതി. ഇന്ത്യയുടെ സാമ്രാജ്യവിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെയും ജനാധിപത്യപരീക്ഷണങ്ങളുടേയും അമൂല്യമായ ഓർമകൾ പേറി നില്ക്കുന്ന ഈ ഡൽഹി നഗരകേന്ദ്രത്തിന്റെ പാരമ്പര്യം മുഴുവൻ നശിപ്പിച്ച് പുതിയ കെട്ടിടങ്ങളുണ്ടാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പർഹിക്കാത്ത ഹിംസയാണെന്ന് വിവിധ ചരിത്രകാരന്മാരും വാസ്തുശില്പികളും ആവർത്തിച്ച് വാദിക്കുന്നു.

പക്ഷേ, ഇന്ത്യയുടെ ഭരണാധികാരികൾ ആ ശബ്ദങ്ങളെ തൃണവൽഗണിക്കുകയാണ്. സൗകര്യപ്രദമായ പാർലമെന്റ് സമുച്ചയവും പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുടെ ഓഫീസ് താമസ, സൗകര്യങ്ങൾ എന്നിവയും ഇപ്പോൾത്തന്നെ നമുക്കുണ്ട്. ഹെറിറ്റേജ് മേഖലയായ ഡെൽഹി ബോട്ട് ക്ലബ്ബിന്റെ തുറസ്സുകളെ നശിപ്പിച്ചുകൊണ്ട് വിഭാവനം ചെയ്യുന്ന ഈ ധൂർത്ത് നഗരങ്ങളിലെ പുതിയ നിർമ്മിതികൾക്കുമുമ്പ് നടത്തേണ്ട പലതല ചർച്ചകൾ സംബന്ധിച്ച അന്തർദ്ദേശീയ - ദേശീയ തത്ത്വങ്ങളും നടപടിക്രമങ്ങളും നഗ്‌നമായി ലംഘിക്കുകകൂടിയാണ്.

പ്രതീകാത്മകമായാണെങ്കിലും പാർലമെന്റിനെ പ്രധാനമന്ത്രിയുടെ വീടിന്റെ അനുബന്ധമാക്കുന്നവിധമാണ് ഈ നിർമ്മിതി. ഡൽഹിയിൽ വേറെ പത്തിലധികം നിർമ്മാണങ്ങൾ നടക്കുന്നതിൽ പരാതിക്കാർ എന്തുകൊണ്ട് എതിർപ്പുപ്രകടിപ്പിക്കുന്നില്ല എന്നൊരുചോദ്യം കോടതിചോദിച്ചതായി പത്രങ്ങളിൽ വായിച്ചു. എന്നാൽ കോടതിയുടേത് യുക്തിരഹിതമായ ചോദ്യം ആണെന്നു പറയാതെവയ്യ.

ഇപ്പോൾ ഡൽഹിയിൽ നല്ല വാസ്തുശില്പഭംഗിയോടെ തലയുയർത്തിനിൽക്കുന്ന ,വിവിധ ആവശ്യങ്ങൾക്ക്പ്രയോജനപ്രദമായ ചരിത്രനിർമ്മിതികൾ പോരാ എന്ന തലതിരിഞ്ഞ വാദത്തെ ആസ്പദമാക്കിയാണ് ഈ പദ്ധതിയെന്നതിനാലാണ് വിവേകികളായ പൗരർ അരുതേ, അരുതേയെന്ന് അപേക്ഷിക്കുന്നത്. പ്രാഥമിക വകയിരുത്തൽതന്നെ 20000 കോടിയാണ്. അതിനിയും തരാതരംപോലെ വർധിക്കാനുമാണ് സാദ്ധ്യത. ഡൽഹിയിലെമറ്റേതെങ്കിലും നിർമ്മാണത്തെപ്പറ്റി ഇതുപോലെ വ്യാപകവും യുക്തിഭദ്രവുമായ വിമർശനങ്ങൾ ഉയർന്നിട്ടുമില്ല. അതല്ല മറിച്ചാണെങ്കിൽ കോടതി അത്തരം നിർമ്മിതികളേയും കേസിന്റെപരിധിയിൽകൊണ്ടുവന്നാൽമതിയല്ലോ .

ബെർലിന്റെ ഭരണകേന്ദ്രം ആക്‌സിയൽ വിസ്റ്റ, ജെർമാനിയ എന്ന പേരിൽ ലോകതലസ്ഥാനത്തിനുതകുന്ന വിധം പുനർനിർമ്മിക്കുക എന്നത് ഫാസിസ്റ്റ് ഹിറ്റ്‌ലറുടെ ഭ്രാന്തമായ ഒരു സ്വപ്നപദ്ധതിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി ജയിച്ചശേഷമുള്ള വിജയിയുടെ തലസ്ഥാനമായാണതിനെ ഹിറ്റ്‌ലർ കണ്ടത്. ഈ വിസ്റ്റയുടെ നിർമ്മാണത്തിനായി കുറേ കെട്ടിടങ്ങൾ പൊളിച്ചു, കുറച്ചൊക്കെ പുതുക്കുകയും ചെയ്തു. യുദ്ധത്തിൽ ജർമനി സഖ്യസേനയോട്, വിശേഷിച്ച് ബോൾഷെവിക്ക് ചെമ്പടയോട് തോറ്റ് പിന്തിരിഞ്ഞോടുകയും ആയിരക്കണക്കിനു ജർമൻകാർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തപ്പോൾ

ആൽബർട്ട് സ്പിയറുമായി ജർമാനിയയുടെ പ്ലാൻ നോക്കി ചർച്ചകൾ നടത്തുകയായിരുന്നത്രെ ഹിറ്റ്‌ലർ. തൊഴിൽ കൊണ്ടു വാസ്തുശില്പി ആയ ആൽബർട്ട് സ്പിയർ ഹിറ്റ്‌ലറുടെ ആയുധ ഉല്പാദന വകുപ്പ് മന്ത്രി ആയിരുന്നു.
ഡൽഹിയിൽ കോവിഡ് പിടിച്ച മനുഷ്യർ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുമ്പോൾ തന്റെ പുതിയ പാർലമെന്റും കേന്ദ്ര സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കുള്ള പുതിയ കൊട്ടാരവും ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് നരേന്ദ്ര മോദി. വാക്‌സിൻ ഇല്ലാതെ ജനജീവിതം വഴിമുട്ടി നില്ക്കുമ്പോൾ ഇരുപതിനായിരം കോടി ചെലവഴിക്കപ്പെടുന്നത് ഈ കെട്ടിടങ്ങൾ ഉണ്ടാക്കാനാണ്.

ലണ്ടനിൽ പോയി ബ്രിട്ടീഷ് പാർലമെന്റ് കണ്ടിട്ടുള്ളവർക്കറിയാം എത്രപരിമിതികൾ ഉള്ളതാണ് അതെന്ന്. എംപിമാരെല്ലാം വന്നാൽ ബ്രിട്ടീഷ് പാർലമെന്റിന്റെ സമ്മേളനഹാളിൽ ഒരുമിച്ച് ഇരിക്കാൻ പോയിട്ട് നില്ക്കാൻ പോലും സ്ഥലമുണ്ടാകില്ല. വോട്ടെടുപ്പിനുവേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഉണ്ടാക്കണമെന്ന അസൗകര്യമുണ്ട്. നമ്മുടെ നിയമസഭയ്ക്കുള്ളത്ര പോലും ആധുനികസൗകര്യങ്ങൾ ബ്രിട്ടനിലെ പാർലമെന്റിൽ ഇല്ല. പക്ഷേ, ബ്രിട്ടനിലെ ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യം ഓർമിപ്പിക്കാനാണവർ ആ പാർലമെന്റ് കെട്ടിടത്തിൽ നിന്ന് മാറാത്തത്. ഒരു പുതിയ കെട്ടിടം പണിയാൻ മുട്ടുള്ള ദരിദ്രനാരായണന്മാരുടെ രാജ്യവുമല്ല യുണൈറ്റഡ് കിങ്ഡം.ജനാധിപത്യ പാരമ്പര്യത്തെ പരിമിതമായിട്ടാണെങ്കിലും സംരക്ഷിക്കുന്നതിൽ ആ രാജ്യത്തിനുള്ള താല്പര്യമാണത് കാണിക്കുന്നത്.

ഫാസിസം എമണ്ടൻ കെട്ടിടങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം സ്ഥായിയാക്കാൻ ശ്രമിക്കും. ജനാധിപത്യം , വാസ്തുശില്പപാരമ്പര്യത്തെ സംരക്ഷിക്കാനും. നാഷണൽ ആർക്കൈവ്‌സ്, നാഷണൽ മ്യൂസിയം, ഇന്ദിരാ ഗാന്ധി ദേശീയ കലാകേന്ദ്രം എന്നീ സാംസ്‌കാരികകേന്ദ്രങ്ങളുടെ കെട്ടിടങ്ങൾ പൊളിച്ച് ഈ സ്ഥാപനങ്ങളെ നഗരകേന്ദ്രത്തിൽ നിന്ന് മാറ്റിയിട്ടാണ് ഹിറ്റ്‌ലറുടെ ജർമാനിയ പോലെ മോദിയുടെ 'ഇന്ത്യാനിയ' ഡൽഹിയിൽ നിർമ്മിക്കപ്പെടുന്നത്.