തൃശൂർ: തെങ്ങ് വളർത്തുകയല്ല, അതിൽ നിന്ന് തേങ്ങ ഇടാനാണ് ബുദ്ധിമുട്ട്. ഒരിടത്തും തെങ്ങ് കയറ്റക്കാരെ കിട്ടാനില്ല. ഇതിന് ഒരു പരിഹാരമാർഗ്ഗം അവതരിപ്പിക്കുകയാണ് മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രം. ഇരുന്ന് കയറാനായാണ് പുതിയ സംവിധാനം.

തെങ്ങു കയറ്റം പരിപൂർണമായി യന്ത്രവൽക്കരിച്ചാൽ സംസ്ഥാനത്ത് 35000 പേർക്ക് തെങ്ങു കയറ്റ ജോലിയിൽ ഏർപ്പെടാനാകുമെന്നാണ് ഗവേഷണ കേന്ദ്ര പറയുന്നത്. പ്രതിദിന വരുമാനം 2000 രൂപയും ലഭിക്കും. നിലവിലുള്ള തെങ്ങു കയറ്റ ജോലിയിൽ 60 ശതമാനം പേർക്കു കൂടി ജോലി സാദ്ധ്യത ലഭിക്കുമെന്നാണ് പക്ഷം. ഡോ. യു. ജയ് കുമാരൻ, ഉണ്ണിക്കൃഷ്ണൻ. സി, ജോസഫ് സി. ജെ എന്നിവരടങ്ങുന്ന ഗവേഷണ വികസന സംഘമാണ് യന്ത്ര നിർമ്മാണത്തിന് പിന്നിൽ.

78 സെക്കന്റിനുള്ളിൽ സാമാന്യം വലിപ്പമുള്ള തെങ്ങിന്റെ മുകളിൽ ഈ യന്ത്രമുപയോഗിച്ച് എത്താം. ഏതുപ്രായക്കാർക്കും ഉപയോഗിക്കാവുന്ന തെങ്ങുകയറ്റ യന്ത്രമാണിതെന്ന് മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രം പറയുന്നു. എട്ടു കിലോ ഭാരം വരുന്ന യന്ത്രത്തിന് സൈക്കിൾ സീറ്റ് സംവിധാനവും തടിയോട് പിടിക്കാവുന്ന ഹാൻഡിലും മരത്തിന്റെ വണ്ണം കുറയുന്നതിന് അനുസരിച്ച് 5 സെക്കന്റ് കൊണ്ട് തെങ്ങിനോട് ചേർത്ത് ബന്ധിപ്പിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്. നീര ഉത്പാദവുമായി ബന്ധപ്പെട്ട് ദൈനംദിന തെങ്ങു കയറ്റ തൊഴിലിന് ഈ യന്ത്രം ഒരു അവിഭാജ്യ ഘടകമായി മാറുമെന്നാണ് പ്രതീക്ഷ.

തെങ്ങിനോട് ബന്ധിപ്പിക്കുന്നത് സ്റ്റീൽ കയറിലാണ്. 12 മീറ്റർ ഉയരമുള്ള തെങ്ങിൽ കയറുന്നതിന് 78 സെക്കന്റും, ഇറങ്ങുന്നതിന് 60 സെക്കന്റും മതിയാകും. തെങ്ങുമായി യന്ത്രം ഘടിപ്പിക്കുന്നതിനും അഴിച്ചുമാറ്റുന്നതിനും അഞ്ചുസെക്കന്റ് സമയം വേണം. 150 സെക്കന്റ് കൊണ്ട് തെങ്ങിൽ കയറിയിറങ്ങാൻ കഴിയും. ആദ്യപടിയായി കാർഷിക ഗവേഷണ കേന്ദ്ര വർക്ക്‌ഷോപ്പിൽ തയ്യാറാക്കിയ 100 തെങ്ങുകയറ്റ യന്ത്രങ്ങൾ സംസ്ഥാനത്തെ 14 മാതൃകാ കാർഷിക സേവന കേന്ദ്രത്തിലൂടെ പരീക്ഷിക്കും. 3000 രൂപ വില വരും.