തിരുവനന്തപുരം: ഉല്ലാസയാത്രയ്ക്ക് പോയ ചെറുപ്പക്കാരുടെ സംഘത്തിന് നേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘത്തിന്റെ അതിക്രമം. ഫോൺ പിടിച്ചുവാങ്ങി വെള്ളത്തിലെറിയുകയും ക്യാമറാ ബാഗ് വെള്ളത്തിലിടുകയും ചെയ്ത ഫോറസ്റ്റ് ഉദ്യോഗസ്ഥനും കൂട്ടാളികളും തിരുവനന്തപുരം സ്വദേശിയായ യുവാവിനേയും സുഹൃത്തിനേയും കയ്യേറ്റം ചെയ്യുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും മർദ്ദിക്കുകയും ചെയ്തു. തിരുവനന്തപുരം ഈഞ്ചക്കലിൽ അഞ്ജു ഇലക്ട്രിക്കൽ എന്ന സ്ഥാപനം നടത്തുന്ന ശ്യാം, സുഹൃത്ത് നജീബ് എന്നിവരെയാണ് മടത്തറ കുളത്തൂപ്പുഴ റോഡിൽ ഡാലി പാലത്തിന് സമീപത്തെ കുളക്കടവിൽ വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനും കൂടെ വന്നവരും ചേർന്ന് ആക്രമിച്ചത്.

ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കടയ്ക്കൽ സ്വദേശിയായ ശ്യാമും സുഹൃത്തുക്കളും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം ഡാലിയിലെ കുളത്തിൽ കുളിക്കാനും അൽപസമയം ചെലവഴിക്കാനുമായി പോയതായിരുന്നു. രണ്ടരയോടെ സ്ഥലത്തെത്തിയ സംഘം സമീപത്തെ കടയിൽ നിന്ന് പഴവും വെള്ളവും മറ്റും വാങ്ങിയ ശേഷം ഡാലിയിലെ കുളക്കടവിൽ എത്തി കുളിക്കാനിറങ്ങി. നിരവധി പേർ അപ്പോൾ അവിടെ വെള്ളത്തിലിറങ്ങി കുളിച്ചുല്ലസിക്കുന്നുണ്ടായിരുന്നു.

ഇവരും വെള്ളത്തിലിറങ്ങി കുറച്ചുകഴിഞ്ഞ് കരയ്ക്കുകയറുന്നതിനിടെയാണ് നാലുപേരടങ്ങുന്ന ഒരു സംഘം ഇവരെ സമീപിക്കുന്നത്. ഫോണിൽ ഇവരുടെ വീഡിയോ എടുക്കാനും കുളക്കരയിൽ വച്ച ബാഗും മറ്റും പരിശോധിക്കാനും ഫോൺ വാങ്ങാനുമെല്ലാം അവർ ശ്രമം തുടങ്ങിയതോടെ ആദ്യം ഇവർ ബാഗ് തട്ടിയെക്കാൻ വന്നവരാണെന്നാണ് ആദ്യം കരുതിയതെന്ന് ശ്യാം മറുനാടനോട് പറഞ്ഞു.

സംഭവത്തെ പറ്റി ശ്യാം പറഞ്ഞത് ഇപ്രകാരം:

അവർ ഞങ്ങളുടെ വീഡിയോയും ഫോട്ടോയും എടുത്തതോടെ ങ്ങൾ തിരികെ അവരുടെ വീഡിയോയും എടുത്തു. ഇതോടെ വന്നവരുടെ വിധംമാറി. അവർ പിന്നെ ബാഗ് പിടിച്ചുപറിക്കാനും ഫോൺ തട്ടിപ്പറിക്കാനും തുടങ്ങി. ഇതിനിടെ എന്റെ ഫോൺ പിടിച്ചുവാങ്ങി വെള്ളത്തിലെറിഞ്ഞു. ക്യാമറയുള്ള ബാഗ് പിടിച്ചുവാങ്ങാൻ തുടങ്ങിയപ്പോൾ ഇവർ തട്ടിപ്പു സംഘമാണെന്നാണ് കരുതിയത്. ചോദ്യം ചെയ്തപ്പോൾ കൂട്ടത്തിൽ ഉള്ള ഒരാളുടെ കയ്യിലെ വെട്ടുകത്തി വാങ്ങി വെട്ടാൻ വന്നു.

ഇതിനിടെ എന്റെ ബാഗിൽ പിടിച്ച് വലിച്ച് വെള്ളത്തിലേക്കിട്ടു. ബാഗ് എടുക്കാൻ ചെന്നപ്പോൾ ഇട്ടിരുന്ന വസ്ത്രത്തിൽ പിടിച്ച് ബർമുഡയെല്ലാം വലിച്ചഴിച്ചു. ആരാണെന്ന ചോദ്യത്തിന് മറുപടിയൊന്നും ഉണ്ടായില്ല. നിങ്ങളെ ഞങ്ങൾ നേരത്തെ കണ്ടിരുന്നെന്നും സംശയമുണ്ടൈന്നും എല്ലാമാണ് പറഞ്ഞത്. അപ്പോഴാണ് ഞങ്ങൾ ഓർക്കുന്നത് കടവിലേക്ക് വരുന്ന വഴി പാലത്തിന് താഴെ ഇവർ ഇരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു എന്നത്. അവർ മദ്യപിച്ച വീഡിയോ ഞങ്ങൾ എടുത്തുവെന്ന സംശയത്തിലാണ് ഫോണും മറ്റും പരിശോധിക്കുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്. ഈ സമയമൊന്നും എന്നെ കയറിപ്പിടിക്കുകയും ഫോൺ വാങ്ങി വെള്ളത്തിലെറിയുകയും ചെയ്തയാൾ ഫോറസ്റ്റുകാരൻ ആണെന്ന് മനസ്സിലായിരുന്നില്ല.

നിങ്ങൾ ആരാണെന്ന് വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ഞങ്ങളുടെ വേഷം കണ്ടാൽ അറിയില്ലേ എന്നായിരുന്നു മറുചോദ്യം. വന്ന നാലുപേരിൽ രണ്ടുപേർ ലുങ്കിയും ഷർട്ടുമാണ് ധരിച്ചിരുന്നത്. രണ്ടുപേർ കാക്കി പാന്റും കളർഷർട്ടുമായിരുന്നു വേഷം. വീണ്ടും ചോദിച്ചപ്പോഴാണ് അതിലൊരാൾ ഫോറസ്റ്റുകാരനാണെന്ന് പറഞ്ഞ് ഐഡന്റിറ്റി കാർഡ് കാണിച്ചത്. ഇതിനിടെ എന്നെ വട്ടംചുറ്റി പിടിച്ചുവച്ച് നിലത്തുവീഴ്‌ത്തി ബലമായി പിടിച്ചുവച്ചു.

ഞങ്ങൾ എന്തു തെറ്റാണ് ചെയ്തതെന്ന ചോദ്യത്തിനും മറുപടി ഉണ്ടായില്ല. ഇവിടെ ഫോട്ടോ എടുക്കാൻ പാടില്ലെന്നും കുളിക്കാൻ പാടില്ലെന്നും മറ്റും പറഞ്ഞായിരുന്നു വീണ്ടും മർദ്ദനവും അക്രമവും. എന്നാൽ അപ്പോൾ അവിടെ 25ൽ ഏറെ പേർ കുളിക്കുന്നുണ്ടായിരുന്നു. അവരിൽ പലരും ഈ പിടിവലിയുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ എന്റെ ബനിയനും ബർമുഡയുമെല്ലാം വലിച്ചുകീറി. ഞങ്ങൾ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വിളിച്ചിട്ടുണ്ടെന്നും ഫോറസ്റ്റുകാർ വരുമെന്നുമാണ് പറഞ്ഞത്. കുറച്ചുകഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഉൾപ്പെടെ ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന നാലുപേർ എത്തി. ഇവരും കാക്കി പാന്റും കാഷ്വൽ മേൽവസ്ത്രങ്ങളുമാണ് ധരിച്ചിരുന്നത്.

അവരും വന്നപാടെ ഞങ്ങളെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷേ, ഞങ്ങൾ തെറ്റൊന്നും ചെയ്തില്ലെന്ന് ബോധ്യം വന്നതോടെ ഫോണിൽ എടുത്ത വീഡിയോ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷമാണ് ഞങ്ങളെ പോകാൻ അനുവദിച്ചത്. പോകാൻ നേരം ഇതിന്റെ മേുകളിൽ കേസിനോ മറ്റോ മുതിർന്നാൽ ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തി അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. - ശ്യാം പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഡാലി പാലത്തിന് താഴെ വച്ച് മദ്യപിക്കുകയായിരുന്നു എന്നാണ് കരുതുന്നതെന്നും അവരുടെ വീഡിയോ ഞങ്ങൾ എടുത്തുവെന്ന സംശയത്തിലാണ് ഈ അക്രമം മുഴുവൻ നടത്തിയതെന്ന് കരുതുന്നുവെന്നും ശ്യാം പറഞ്ഞു.

ഫോറസ്റ്റ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾ വെള്ളത്തിലെറിഞ്ഞ ഫോൺ മുഴുവനായി നശിച്ചു. മറ്റൊരു ഫോൺ പിടിവലിക്കിടെ ഡിസ്പ്ളേ പൊട്ടിയ നിലയിലാണ്. ബാഗിൽ വച്ചിരുന്ന അരപ്പവനോളം തൂക്കമുള്ള മാലയും നഷ്ടപ്പെട്ടു. ക്യാമറയും ബാഗ് സഹിതം വെള്ളത്തിലിട്ടിരുന്നു. ക്യാമറ ഇതുവരെ തുറന്നു നോക്കിയിട്ടില്ല. അതിന്റെ അവസ്ഥ എന്തായിക്കാണുമെന്ന് അറിയില്ല. ഞങ്ങൾ എന്തു തെറ്റുചെയ്തിട്ടാണ് ഇത്രയും അക്രമം ഞങ്ങൾക്ക് നേരെ കാണിച്ചതെന്ന് അവർ പറയട്ടെ. ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ മറ്റെല്ലാവരേയും പോലെ പോകാനും കുളിക്കാനും ഞങ്ങൾക്കും അവകാശമില്ലേ. ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ എന്തുകൊണ്ടാണ് അവർ ഞങ്ങൾക്കെതിരെ നടപടിയെടുക്കാതിരുന്നത് - ശ്യാം ചോദിക്കുന്നു.

തെറ്റു ചെയ്തെങ്കിൽ തന്നെ കേസെടുക്കാമെന്നല്ലാതെ ഫോൺ വെള്ളത്തിലെറിയാനും ബാഗും ക്യാമറയുമെല്ലാം പിടിച്ചുപറിക്കാനും ഫോറസ്റ്റുകാർക്ക് അവകാശമുണ്ടോയെന്നാണ് ഈ ചെറുപ്പക്കാരൻ ഉന്നയിക്കുന്ന ന്യായമായ ചോദ്യം. ഏതായാലും സംഭവം വിവരിച്ച് ശ്യാം കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അവിടെവച്ച് ഡിലീറ്റ് ചെയ്തെങ്കിലും അതിന് മുമ്പുതന്നെ ക്ളൗഡിൽ അപ് ലോഡ് ആയിരുന്നതിനാൽ പിന്നീട് വീണ്ടെടുക്കാനായെന്നും അതിനാൽ തന്നെ അതുതന്നെ തങ്ങൾക്കെതിരെ നടന്ന അക്രമത്തിന്റെ വ്യക്തമായ തെളിവാണെന്നും ശ്യാം മറുനാടനോട് പറഞ്ഞു.