മുംബൈ: മകൻ വേദാന്തിന്റെ ഒളിംപിക്‌സ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ താമസം ദുബായിലേക്ക് മാറ്റി നടൻ മാധവൻ. വേദാന്തിന്റെ നീന്തൽ പരിശീലനം മുടങ്ങാതിരിക്കാനാണ് മാധവനും കുടുംബവും ദുബായിലേക്ക് ചേക്കേറിയത്. 2026 ഒളിംപിക്‌സിൽ മകനെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് മാധവൻ. അതിന് വിധത്തിൽ പരിശീലനം നൽകാനാണ് മാധവന്റെ പരിശ്രമം.

ഇന്ത്യയിലെ പ്രധാന നീന്തൽ പരിശീലന കേന്ദ്രങ്ങളെല്ലാം കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിരിക്കുന്ന സാഹചര്യത്തിലാണ് മാധവനും ഭാര്യ സരിതയും വേദാന്തിനൊപ്പം ദുബായിലേക്ക് കൂടുമാറിയത്.

'കോവിഡ് കാരണം മുംബൈയിലെ വലിയ നീന്തൽക്കുളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഞങ്ങൾ ഇവിടെ ദുബായിൽ വേദാന്തിനൊപ്പം ഉണ്ട്. ഇവിടെ അവന് നീന്തൽക്കുളങ്ങൾ ഉപയോഗിക്കാം. വേദാന്ത് ഒളിംപിക്സിനായി പരിശ്രമിക്കുന്നു. ഞാനും സരിതയും അവന്റെ അരികിലുണ്ട്. എന്റെ സ്വന്തം കരിയറിനേക്കാളും പ്രധാനമാണ് അവന്റെ ഭാവി', മാധവൻ പറഞ്ഞു.

ഈ വർഷത്തെ ദേശീയ ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ ഏഴ് മെഡലുകളടക്കം ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി പുരസ്‌കാരങ്ങൾ വേദാന്തിനെ തേടിയെത്തിയിട്ടുണ്ട്. തായ്ലൻഡിൽ നടന്ന രാജ്യാന്തര നീന്തൽ മൽസരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് വേദാന്തായിരുന്നു.