ഭോപ്പാൽ: ഉത്തർപ്രദേശ് സർക്കാർ രൂപം നൽകിയ പുതിയ ജനസംഖ്യാ നിയന്ത്രണ നിർദേശത്തിന് സമാനമായ നിയമം മധ്യപ്രദേശിലും നടപ്പാക്കണമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കൾ. ജാതി-മത ഭേദമന്യേ കുട്ടികളുടെ എണ്ണം നിയന്ത്രിക്കണം. അതിനായി ഉത്തർപ്രദേശിന് സമാനമായ നിയമം വേണമെന്ന് ബിജെപി. നേതാവ് മഹേന്ദ്ര സിങ് സിസോദിയ ആവശ്യപ്പെട്ടു.

ജനസംഖ്യ നിയന്ത്രിക്കുന്നതിന് ധാരാളം നിയമങ്ങളുണ്ടെങ്കിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടതുണ്ടെന്ന് മഹേന്ദ്ര സിങ് സിസോദിയ പറഞ്ഞു. കാരണം, മുസ്ലീങ്ങൾ രണ്ട് മൂന്ന് തവണ വിവാഹം കഴിക്കുകയും 10 കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 11 പുതിയൊരു കരട് ബില്ല് യോഗി ആദിത്യനാഥ് സർക്കാർ പുറത്തിറക്കിയിരുന്നു. ജനങ്ങളുടെ അഭിപ്രായം കൂടി അറിയാനായിരുന്നു ഇത്. ഇത് പ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ, ഗവൺമെന്റ് ജോലിക്ക് അപേക്ഷിക്കാനോ മറ്റ് സബ്‌സിഡി നേടാനോ സാധിക്കില്ല. ഇതിന് സമാനമായ നിയമം മധ്യപ്രദേശിലും വേണമെന്നാണ് നേതാക്കളുടെ ആവശ്യം.

ഇന്ത്യയിലെ ഉയർന്ന ജനസംഖ്യയുടെ ഉത്തരവാദിത്തം മുസ്ലീങ്ങൾക്കാണെന്ന് സിങ്രോളിയിൽ നിന്നുള്ള ബിജെപി എംഎ‍ൽഎ. രാം ലല്ലു വൈശ്യ പറഞ്ഞു. 'നമ്മുടെ നയം നാം രണ്ട്, നമുക്ക് രണ്ട് എന്നതായിരുന്നു. പക്ഷേ അത് വിജയിച്ചോ? ഹിന്ദുക്കളോട് വന്ധ്യംകരണം നടത്താൻ ആവശ്യപ്പെട്ടെങ്കിലും മറ്റുള്ളവരെ ഒഴിവാക്കി. ഇത് സംഭവിക്കരുത് '- രാം ലല്ലു വൈശ്യ പറഞ്ഞു.

എന്നാൽ ഭരണകക്ഷി നേതാക്കളുടെ ആവശ്യത്തിനെതിരേ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്ത് വന്നു. സ്വാതന്ത്ര്യസമയത്ത് 40 കോടി ഉണ്ടായിരുന്ന ജനസംഖ്യ ഇപ്പോൾ 130 കോടിയായി. സമാനമായ രീതിയിൽ മുസ്ലീങ്ങളുടെ ജനസംഖ്യയും ഉയർന്നിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, യു.പി തിരഞ്ഞെടുപ്പാണ് - ഭോപ്പാലിൽ നിന്നുള്ള കോൺഗ്രസ് എംഎ‍ൽഎ ആരിഫ് മസൂദ് പറഞ്ഞു. 2011-ലെ സെൻസെസ് പ്രകാരം ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആറാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്.