മുംബൈ: ഒരു മാസത്തിനിടെ ഒറ്റ കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളിൽ സ്‌കൂളുകൾ തുറക്കാൻ മഹാരാഷ്ട്ര സർക്കാർ. എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിലാണ് ജൂലൈ 15 മുതൽ ക്ലാസുകൾ തുടങ്ങുക. പുതുക്കിയ സർക്കാർ പ്രമേയപ്രകാരമാണ് മഹാരാഷ്ട്ര സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

വിദൂര പഠനവും ഓൺലൈൻ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കോവിഡ്‌രഹിത ഗ്രാമങ്ങളിലെ സ്‌കൂളുകൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രി വർഷ ഗായ്ക്‌വാദ് പറഞ്ഞു.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ അദ്ധ്യാപകരും ജീവനക്കാരും വാക്‌സിൻ സ്വീകരിക്കണം. മൂന്നാംതരംഗത്തെക്കുറിച്ച് സർക്കാരിന് ബോധ്യമുള്ളതായും അതിനാൽ യാതൊരുവിധ അലസതയും പാടില്ലെന്നും അവർ പറയുന്നു.

ഒരു മാസത്തിലേറെയായി ഒറ്റ കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിലാകും സ്‌കൂളുകൾ തുറക്കുക. മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെ മാത്രമേ പഠനം ആരംഭിക്കാവൂവെന്നും നിർദേശത്തിൽ പറയുന്നു.

കോവിഡ് രഹിത മേഖലകൾ തീരുമാനിക്കുന്നതിനായി കലക്ടർമാർ, സ്‌കൂൾ പ്രിൻസിപ്പൽമാർ, ആരോഗ്യ വിദഗ്ദ്ധർ എന്നിവർ അടങ്ങിയ എട്ടംഗ സമിതി രൂപീകരിക്കും. ഗ്രാമപ്രദേശങ്ങളിൽ പഞ്ചായത്ത് തലവനായിരിക്കും സമിതിയെ നയിക്കുക. ജില്ലതലത്തിലും ഒരു കമ്മിറ്റി രൂപീകരിക്കും.

എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും സ്‌കൂളുകളുടെ പ്രവർത്തനം. വിദ്യാർത്ഥികളുടെ താപനില പരിശോധനയടക്കം കഴിഞ്ഞതിന് ശേഷമാകും സ്‌കൂളുകളിൽ പ്രവേശിപ്പിക്കുക. കൂടാതെ ഒരു ക്ലാസിൽ 20 വിദ്യാർത്ഥികളെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക. സാമൂഹിക അകലവും ഉറപ്പുവരുത്തും.