മുംബൈ: കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ അവസാനിപ്പിക്കുന്നു. ഡൽഹിക്കും ഉത്തർപ്രദേശിനും പിന്നാലെ ഘട്ടം ഘട്ടമായി സംസ്ഥാനം തുറന്നിടാനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചത്.

സംസ്ഥാനത്തെ അഞ്ചായി തിരിച്ച് അൺലോക്ക് പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനമോ അതിൽ താഴെയോ എത്തുകയും ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 25 ശതമാനത്തിൽ താഴെയും വരുന്ന ജില്ലകളെ ലെവൽ ഒന്ന് പ്രദേശങ്ങളായി പ്രഖ്യാപിക്കും.

ഇവിടെ പൂർണമായി തുറന്നിടാനും സാധാരണനിലയിൽ പ്രവർത്തനങ്ങൾ നടത്താനും അനുവദിക്കും. മാൾ, തിയറ്ററുകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ തുറന്ന് പ്രവർത്തിക്കാം. കല്യാണം, സംസ്‌കാരം എന്നി ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു. ഔറംഗബാദ്, നാസിക് തുടങ്ങി പത്തോളം ജില്ലകളാണ് ഇതിൽ ഉൾപ്പെടുക.

അമരാവതി, മുംബൈ, തുടങ്ങിയ ജില്ലകൾ രണ്ടാം നിരയിലാണ് ഉൾപ്പെടുക. എന്നാൽ സംസ്ഥാന തലസ്ഥാനം എന്ന നിലയിൽ പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിൽ താഴെ എത്തിയാലും ഇപ്പോൾ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കേണ്ട എന്നതാണ് മുനിസിപ്പൽ കോർപ്പറേഷന്റെ തീരുമാനം. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തീരുമാനം എടുക്കാനാണ് ആലോചന.