മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ ജീവനക്കാർക്ക് ഡ്രസ്കോഡ്. ജീവനക്കാർ ഓഫീസിൽ ധരിക്കേണ്ട വസ്ത്രങ്ങൾ സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സർക്കാർ ജീവനക്കാർ ഓഫീസിൽ ജീൻസോ ടീഷർട്ടോ ധരിക്കരുതെന്നും ആഴ്ചയിൽ ഒരുദിവസം ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദ്ദേശമുണ്ട്. സർവീസിലുള്ള സ്ഥിരം ജീവനക്കാർക്കും താത്കാലികക്കാർക്കും കൺസൾട്ടൻസി വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കും ഡ്രസ്കോഡ് ബാധകമാണ്.

സ്ത്രീകൾ സാരിയോ ചുരിദാറോ സൽവാർ കമീസോ ധരിക്കണമെന്നാണ് നിർദ്ദേശം. പാന്റിനൊപ്പം കുർത്തയോ ഷർട്ടോ ധരിക്കാം. ഫോർമൽ ഷർട്ടും ഫോർമൽ പാന്റുമാണ് പുരുഷന്മാരുടെ വേഷം. സ്ത്രീകളായാലും പുരുഷന്മാരായാലും ജീൻസോ ടീഷർട്ടോ ധരിക്കരുത്. കടും നിറത്തിലുള്ളതും പ്രിന്റുകളോ തുന്നൽപ്പണികളോ ഉള്ള വസ്ത്രങ്ങളും ഒഴിവാക്കണം. കാലിൽ ഷൂവോ സാൻഡൽസോ ആവാം. സ്ലിപ്പറുകൾ പാടില്ല.

സർക്കാർ ജീവനക്കാർ അലസ വേഷത്തിൽ ഓഫീസിലെത്തുന്നതായി കണ്ടതിനെത്തുടർന്നാണ് വസ്ത്രധാരണച്ചട്ടം ഏർപ്പെടുത്തുന്നതെന്ന് ചീഫ് സെക്രട്ടറി ശ്രീകാന്ത് ദേശ്പാണ്ഡേയുടെ ഉത്തരവിൽ പറയുന്നു. അലസമായി വസ്ത്രം ധരിക്കുന്നവർ ജോലിയിലും അലംഭാവം കാണിക്കുന്നുമെന്നാണ് സർക്കാരിന്റെ നിഗമനം. പൊതുജനത്തിനു മുന്നിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നത് സർക്കാർ ജീവനക്കാരാണ് എന്നതുകൊണ്ട് സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കം വരുത്താത്ത രീതിയിലാവണം വസ്ത്രധാരണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.