മുംബൈ: മഹാരാഷ്ട്രയിൽ മൾട്ടിപ്ലക്‌സുകളും തിയറ്ററുകളും തുറക്കാൻ തീരുമാനം. ഒക്ടോബർ 22നുശേഷം മൾട്ടിപ്ലക്‌സുകളും തിയറ്ററുകളും തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് അറിയിച്ചു. സിനിമാ നിർമ്മാതാക്കളായ ജയന്തിലാൽ ഗഡ, രോഹിത് ഷെട്ടി എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തിയറ്ററുകൾ തുറക്കുക. ഇതേക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

സംസ്ഥാനത്ത് മൾട്ടിപ്ലക്‌സുകൾ തുറന്നുപ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് നേരത്തേ മൾട്ടിപ്ലെക്‌സ് ഓണേഴ്‌സ് അസോസിയേഷനും മഹാരാഷ്ട്ര സർക്കാറിനോട് അഭ്യർത്ഥിച്ചിരുന്നു. രാജ്യത്ത് തന്നെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് തിയറ്ററുകൾ തുറക്കാൻ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ നാലിന് സ്‌കൂളുകൾ തുറക്കാൻ തീരുമാനമായിരുന്നു.