മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ജൂൺ ഒന്നു വരെ നീട്ടി. ഇത് സംബന്ധിച്ച് സർക്കാർ പുതിയ ഉത്തരവ് ഇറക്കി. ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് നൽകിയിട്ടില്ല.

സംസ്ഥാനത്ത് എത്തുന്ന എല്ലാവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു.

നേരത്തെ കോവിഡ് അതിതീവ്രവ്യാപനമുള്ള സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് മാത്രമെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നുള്ളു. എന്നാൽ ഇനി എല്ലാ സംസ്ഥാനത്തുനിന്നുള്ളവർക്കും ഇത് ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.

ചരക്ക് വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ പാടില്ല. ഇവർ ഏഴുദിവസം കൈവശം വയ്ക്കാവുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. മഹാരാഷ്ട്രയിൽ ഏപ്രിൽ 5 മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.

രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന പത്ത് സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. മണ്ഡികളിലും ഗ്രാമീണ ചന്തകളിലും കോവിഡ് വ്യാപനം തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി പ്രാദേശിക ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. ലോക്ക്ഡൗൺ നീട്ടിയെങ്കിലും അവശ്യസർവീസുകൾക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.

രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം 46,781പേർക്ക് രോഗം സ്ഥിരീകരിച്ചത്. 58,805പേർ രോഗമുക്തരായി. 816പേർ മരിച്ചു.5,46,129പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 52,26,710പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 78,007പേരാണ് ആകെ മരിച്ചത്. 46,00196പേരാണ് ആകെ രോഗമമുക്തരായത്.