ന്യൂഡൽഹി: എൻസിപി നേതാവ് ശരദ് പവാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി എന്ന വാർത്ത തള്ളുകയോ കൊള്ളുകയോ ചെയ്യാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ മുന്നണി സർക്കാർ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഷായുടെ പ്രതികരണം. എല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല എന്നാണ് പവാറുമായി കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് അഹമ്മദാബാദിൽ അമിത് ഷാ മറുപടി പറഞ്ഞത്.

പവാറിന്റെ എൻസിപി മഹാരാഷ്ട്ര മഹാ വികാസ് അഗാഡി മുന്നണി സർക്കാരിലെ അംഗമാണ്. മുൻ മുബൈ പൊലീസ് മേധാവി പരം ബീർ സിങ് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ ഉയർത്തിയ ആരോപണങ്ങൾ വലിയ വിവാദമായതോടെ മുന്നണി സർക്കാരിന് ഉലച്ചിൽ തട്ടിയിരിക്കുകയാണ്.

അഹമ്മദാബാദിലെ ഫാം ഹൗസിൽ പവാറും സഹപ്രവർത്തകൻ പ്രഫുൽ പട്ടേലും ചേർന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിേേപ്പാർട്ട് ചെയ്തത്. ശിവസേനയും കോൺഗ്രസും എൻസിപിയും ചേർന്ന് ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാരിനെതുരെ അംബാനി കേസിനെയും ദേശ്മുഖിനെതിരായ ആരോപണങ്ങളുടെയും പേരിൽ ബിജെപി സമ്മർദ്ദം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തര മന്ത്രിക്ക് എതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ സർക്കാരിന്റെ പിടിപ്പുകേടിനെ ശിവസേന മുഖപത്രമായ സാമ്‌ന നിശിതമായി വിമർശിച്ചത് കഴിഞ്ഞ ദിവസമാണ്.

ഈ പശ്ചാത്തത്തിൽ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ തനിക്കെതിരെ മുൻ മുബൈ കമ്മീഷണർ ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുമെന്നായിരുന്നു അനിൽ ദേശ്മുഖിന്റെ പ്രതികരണം.
പരംബീർ സിംഗിന്റെ ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അനിൽ ദേശ്മുഖ് പറഞ്ഞു. അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകി. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സത്യാവസ്ഥ ജനങ്ങൾ അറിയണമെന്നും അനിൽ ദേശ്മുഖ് പറഞ്ഞു.

ബാറുകളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നും പ്രതിമാസം നൂറ് കോടി പിരിക്കണമെന്ന് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്നാണ് പരംബീർ സിങ് ആരോപിച്ചത്. എന്നാൽ ഈ ആരോപണം അനിൽ ദേശ്മുഖ് തള്ളിയിരുന്നു.

മുകേഷ് അംബാനിയുടെ വീടിനുസമീപം സ്ഫോടകവസ്തു കണ്ട കേസിന്റെ അന്വേഷണം വഴിതിരിച്ചുവിടാനാണ് പരംബീർ ശ്രമിക്കുന്നതെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ ആരോപിച്ചിരുന്നു. മൻസൂഖ് ഹിരൺ മരിച്ചത് സംബന്ധിച്ച കേസിൽ ഭീകരവിരുദ്ധസേന രണ്ടുപേരെ അറസ്റ്റുചെയ്ത് അന്വേഷണം ശരിയായ ദിശയിൽ നടത്തുകയാണ്. ഫെബ്രുവരി അഞ്ചിനും 27നും ഇടയിൽ കോവിഡ് ബാധിതനായി മന്ത്രി ആശുപത്രിയിലായിരുന്നു. രാജിവയ്ക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും പവാർ പറഞ്ഞിരുന്നു. മുകേഷ് അംബാനിയുടെ വീടിനടുത്തു സ്‌ഫോടക വസ്തുക്കളുമായി കാർ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോടാണു പണം പിരിക്കാൻ ആവശ്യപ്പെട്ടതെന്നു പരംബീർ പറയുന്നു. ദേശ്മുഖിനെതായി ആരോപണം ഗൗരവമുള്ളതാണെന്ന് ശരദ് പവാർ പ്രതികരിച്ചിരുന്നു

സച്ചിൻ വാസെ അറസ്റ്റിലായതോടെ സ്വയം സുരക്ഷിതനാകാനാണ് പരംബീർ ആരോപണം ഉന്നയിച്ചതെന്ന് ശിവസേന ആരോപിച്ചു. ഇതിനിടെ, അഴിമതിവിരുദ്ധ വിഭാഗം ഡിജി ആയിരിക്കെ പരംബീർ സിങ് അധോലോക ബന്ധമുള്ള നിരവധിപ്പേരെ സംരക്ഷിച്ചിട്ടുണ്ടെന്ന ആരോപണവുമായി സസ്പെൻഷനിലായ ഇൻസ്പെക്ടർ അനൂപ് ഡാംഗേ രംഗത്തുവന്നു. തന്നെ തിരിച്ചെടുക്കാൻ സിങ്ങിന്റെ അനുയായി രണ്ടു കോടിരൂപ ആവശ്യപ്പെട്ടെന്നും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആരോപിച്ചു.