മാഹി : കൊവിഡും തെരഞ്ഞെടുപ്പും ഒന്നിച്ചെത്തിയപ്പോൾ നെഞ്ചത്തടിച്ചു പോയത് മദ്യപാനികളുടെതാണ്. കഴിഞ്ഞ രണ്ടു ദിവസമായി പ്രഖ്യാപിച്ച ലോക്ക് ഡൗണുകൾ തുടരുമെന്നുറപ്പായിരിക്കെ മയ്യഴി മേഖലയിലെ ബാറുകൾക്കും മദ്യവിൽപന ശാലകൾക്കും താഴു വീണിരിക്കുകയാണ്. കേരളത്തിലാകട്ടെ ബെവ്‌കോ - കൺസ്യൂമർ ഔട്ട് ലെറ്റുകൾക്കും താഴു വീണിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മാഹിയിൽ നിന്നും രഹസ്യ വഴിയിലൂടെ കരിഞ്ചന്തയിൽ മദ്യം കിട്ടുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിനാളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.

എന്നാൽ ബാറുകൾക്ക് മുൻപിൽ കാവൽ നിൽക്കുന്ന പൊലിസുകാർ ഇവരെ അടിച്ചോടിക്കുകയാണ്. ഈ സാഹചര്യത്തിൽ മദ്യഷാപ്പുകളുടെ പൂട്ടുപൊളിച്ച് മദ്യം കവരുമോയെന്ന ആശങ്ക പുതുച്ചേരി റവന്യൂ വകുപ്പ് അധികൃതർക്കുണ്ട്. ഇതൊഴിവാക്കാനായി മാഹിയിലെ 64 ബാറുകളിലും പന്തക്കൽ , കോപ്പാലം, മൂലക്കടവ്, പള്ളൂർ എന്നിവടങ്ങളിലെ ബാറുകൾക്കും പുതുച്ചേരി റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ഇരട്ട പൂട്ടിട്ടുണ്ട് ഇതു കൂടാതെ ഇവിടങ്ങളിൽ രാപ്പകൽ ഭേദമന്യേ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. ബാറുകളിലെയും വിൽപന ശാലകളിലെയും നിലവിലുള്ള സ്റ്റോക്കും രേഖപ്പെടുത്തിയിട്ടുണ്ട്. ബാറുകൾ തുറക്കുമ്പോൾ ഇതിൽ കുറവ് വന്നാൽ ഉടമകൾ കുടുങ്ങും.

കഴിഞ്ഞ വർഷം ലോക് ഡൗൺ കാലത്ത് അടഞ്ഞുകിടന്നപ്പോൾ മാഹിയിലെ ബാറുകളിൽ നിന്നും ജില്ലയിലെ മറ്റിടങ്ങളിലെക്ക് മദ്യം കടത്തിയതായി പരാതിയുണ്ടായിരുന്നു. ഇക്കുറി ഈ സാഹചര്യമൊഴിവാക്കാനാണ് പുതുച്ചേരി റവന്യൂ വകുപ്പ് അധികൃതർ ബാറുകൾക്ക് ഇരട്ട പൂട്ടിട്ടത്. കോവിഡ് പോസറ്റീവ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന മയ്യഴി മേഖലയിൽ ലോക്ക് ഡൗൺ മെയ് മൂന്നു വരെ നീട്ടിയിട്ടുണ്ട്. വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി പത്തു മണി വരെ രാത്രികാല കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം പുതുച്ചേരി സംസ്ഥാന സർക്കാർ മാഹിയിലെ വിവിധ ബ്രാൻഡ് മദ്യങ്ങൾക്ക് അധികമായി ചുമത്തിയ കോവിഡ് സെസ് ഒഴിവാക്കി വില കുറച്ചിരുന്നു. ഇതോടെ തൊട്ടടുത്ത പ്രദേശങ്ങളായ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നും മദ്യപരുടെ ഒഴുക്ക് വീണ്ടും തുടങ്ങിയിരുന്നു. ഇതിനിടെയാണ് വീണ്ടും കോവിഡ് രൂക്ഷമായതിനെ തുടർന്ന് ബാറുകളും മദ്യവിൽപന ശാലകളും അടച്ചുപൂട്ടിയത്. കേരളത്തിലും ഇതിനു സമാനമായ അവസ്ഥ തന്നെയാണുള്ളത് മദ്യവിൽപന ശാലകൾക്കും ബാറുകൾക്കും എക്‌സൈസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്

എക്‌സൈസിന്റെ ഷാഡോ ടീമും നീരീക്ഷണമേർപ്പെടുത്തിയിരിക്കുകയാണ് മദ്യ ഗോഡൗണുകൾക്കും മോഷണ സാധ്യത മുൻപിൽ കണ്ടു കൊണ്ട് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത് കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ മദ്യവിൽപന നിർത്തി വെച്ചിരുന്നു മെയ് ഒൻപതു വരെ മദ്യശാലകൾ അടച്ചിടുമെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ മദ്യശാലകളിൽ മോഷണം നടക്കാനുള്ള സാധ്യത ഏറെയാണെന്നാണ് എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണർ സർക്കാരിന് നൽകിയ മുന്നറിയിപ്പ് ഇതേ തുടർന്ന് മദ്യശാലകൾക്ക് കനത്ത സുരക്ഷയൊരുക്കാൻ 14 ജില്ലകളിലെയും പൊലീസ് കമ്മിഷണർമാരോട് ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.