ന്യൂഡൽഹി: രാജ്യത്ത് അടുത്തിടെ പാസാക്കിയ കർഷക നിയമങ്ങൾ പിൻവലിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇതൊരു തുടക്കം മാത്രമാണെന്നും ജനങ്ങളുടെ പ്രതിഷേധങ്ങളെല്ലാം വിജയിക്കുമെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.''യുപിയിൽ പരാജയപ്പെടുമെന്ന ഭയം കൊണ്ടോ പൊതുഅഭിപ്രായം അഭിമുഖീകരിച്ചതിനാലോ ബിജെപി സർക്കാർ കർഷക നിയമങ്ങൾ പിൻവലിച്ചിരിക്കുകയാണ്. ജനങ്ങളുടെ ശബ്ദങ്ങൾ വിജയിക്കുന്നതിന്റെ തുടക്കം മാത്രമാണിത്,'' മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

ഒപ്പം മറ്റൊരു ട്വീറ്റിൽ കർഷക നിയമങ്ങൾക്കെതിരെ പാർലമെന്റിൽ മുൻപ് നടത്തിയ തീപ്പൊരി പ്രസംഗത്തിന്റെ ഭാഗവും മഹുവ പങ്കുവെച്ചു. കർഷക നിയമങ്ങൾ പിൻവലിക്കാതെ മറ്റൊരു പരിഹാരവുമില്ലെന്നാണ് പാർലമെന്റിലെ പ്രസംഗത്തിൽ മഹുവ പറയുന്നത്.ഈ മാസം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

ഈ സാഹചര്യത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ അവരവരുടെ വീട്ടിലേക്ക് മടങ്ങി പോകണമെന്നും നരേന്ദ്ര മോദി അറിയിച്ചിരുന്നു. അതേസമയം, പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്.
പാർലമെന്റ് നിയമം റദ്ദ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു. എംഎസ്‌പിക്ക് പുറമേ കർഷകർ ഉന്നയിച്ച മറ്റ് വിഷയങ്ങൾ കൂടി കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം അറിയിച്ചു.