കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്ത് സംവിധായകൻ മേജർ രവി. യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രധാനമായും ചെയ്യേണ്ടത് രണ്ട് കാര്യങ്ങളെ കുറിച്ചും അദ്ദേഹം മുന്നോട്ടു വെച്ചു. ശബരിമല സമരത്തിന്റെ പേരിൽ വിശ്വാസികൾക്കെതിരെ എടുത്ത കള്ളക്കേസുകൾ എഴുതിത്ത്ത്ത്ത്തള്ളണം, പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണം എന്നിവയാണ് ആദ്യം ചെയ്യേണ്ടതെന്ന്, രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്തുകൊണ്ട് മേജർ രവി പറഞ്ഞു. തൃപ്പൂണിത്തുറയിലാണ് യുഡിഎഫിന്റെ പ്രചാരണജാഥയിൽ മേജർ രവി എത്തിയത്.

'തൃപ്പൂണിത്തുറ എന്റെ മണ്ഡലമാണ്. ഞാനിവിടെ ഇരിക്കുമ്പോൾ പലർക്കും ആശയക്കുഴപ്പമുണ്ട്. ഞാൻ ബിജെപിക്കാരനല്ലേ?, ആർഎസ് എസ്‌കാരനല്ലേ എന്നൊക്കെ. ആദ്യമെ പറയട്ടെ എനിക്ക് ഒരു പാർട്ടിയിലും അംഗത്വമില്ല. ഇന്ത്യയെന്നതാണ് എന്റെ മനസ്' മേജർ രവി പറഞ്ഞു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കണ്ടപ്പോൾ ഞാനറിയാതെ കരഞ്ഞുപോയി. കൃഷ്ണാ ഗുരുവായൂരപ്പാ ഇത് ചെയ്തവരെ പിടിക്കാനുള്ള ദൗത്യം തനിക്ക് കിട്ടണമെന്നതായിരുന്നു പ്രാർത്ഥന. ഇതിന് അവസരം ലഭിക്കുകയും പ്രതികളെ കൈയോടെ പിടിക്കാൻ കഴിയുകയും ചെയ്തു. ഇതിന് കഴിഞ്ഞത് ഭഗവാൻ കൃഷ്ണന്റെ സഹായത്തോടെയാണെന്നും രവി പറഞ്ഞു.

ഞാൻ ഹിന്ദുമത വിശ്വാസിയാണ്. അതുകൊണ്ട് ക്രിസ്ത്യാനിയോടോ, മുസ്ലീമീനോടോ അവരുടെ വിശ്വാസങ്ങളെ ഹനിക്കുന്ന രീതിയിൽ പെരുമാറില്ല. പ്രളയകാലത്ത് മുസ്ലിം പള്ളിയിൽവച്ചാണ് തനിക്ക് അശരണരെ സഹായിക്കാൻ കഴിഞ്ഞത്. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നും മേജർ രവി പറഞ്ഞു. കുറച്ചുകാലമായി ബിജെപിയുമായി പിണങ്ങി നിൽക്കുകയായിരുന്നു മേജർ രവി. അദ്ദേഹം കോൺഗ്രസിനോട് അടക്കുന്നതിൽ ബിജെപി നേതാക്കൾക്കും അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

സംഘ്പരിവാർ സഹയാത്രികയനായ സംവിധായകൻ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാൻ പോലും വിളിക്കാത്തത് അടക്കം അദ്ദേഹത്തെ ചൊടിപ്പിച്ചു. കേരളത്തിലെ ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണ്. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ തൃപ്പുണിത്തുറയിലോ മറ്റു മണ്ഡലങ്ങളിലോ മൽസരിക്കുമെന്ന പ്രചാരണത്തിനെതിരെയും മേജർ രവി രോഷത്തോടെ പ്രതികരിച്ചു. ഒരു രാഷ്ട്രീയക്കാരനാവാൻ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ രാഷ്ട്രീയക്കാരനാവണമെന്നുള്ള ഒരു നിർബന്ധവുമില്ലാത്ത വ്യക്തിയാണു താനെന്നുമായിരുന്നു വാദം.

കേരളത്തിലെ ബിജെപി നേതാക്കൾക്കു മസിലു പിടിച്ചു നടക്കാൻ മാത്രമേ കഴിയുകയുള്ളൂ. രാഷ്ട്രീയം ജീവിതമാർഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കൾ. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവർ തിരിഞ്ഞു നോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാൻ ആണ് ഇവർ ശ്രമിക്കുന്നതെന്നും മേജർ രവി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം വേദിയിലും മേജറെത്തി. പി.രാജീവിനെ ജയിപ്പിക്കാനായിരുന്നു അന്ന് എത്തിയത്. അന്ന് പറഞ്ഞത് ഇങ്ങനെ: ഈ വേദിയിൽ എന്നെ കാണുമ്പോൾ പലരും െനറ്റിച്ചുളിക്കുമായിരിക്കും. എന്നാലും ഞാൻ ഇവിടെ നിൽക്കുന്നത് പി.രാജീവിനോടുള്ള ആത്മബന്ധം കൊണ്ട് കൂടിയാണ്. എറണാകുളത്ത് പി.രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു മേജർ രവിയുടെ പ്രസംഗം.

ഒരു രാജ്യസഭാ എംപിക്ക് എന്തു ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചുതന്ന വ്യക്തിയാണ് രാജീവ്. അദ്ദേഹത്തെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. പെൻഷൻ വാങ്ങാൻ എംപിയായവരെ പോലെ അല്ല പി.രാജീവെന്ന മേജർ രവിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.