ഇരിട്ടി: കേരളത്തിൽ നിന്നുള്ള യാത്രക്കാരെ വെള്ളം കുടിപ്പിച്ച് കർണാടക മാക്കൂട്ടം ചുരപാതയിലേർപ്പെടുത്തിയ യാത്രാനിയന്ത്രണം തുടരുന്നു. ഡിസംബർ ഏഴുവരെയാണ് കർണാടക യാത്രാനിയന്ത്രണം നീട്ടിയത്. മാക്കൂട്ടം ചുരം പാതയിലൂടെ കർണാടകയിലേക്ക് കടന്നുപോകുന്ന യാത്രക്കാർക്ക് ആർ.ടി.പി.സി. ആർ പരിശോധന സർട്ടിഫിക്കറ്റ് വേണമെന്ന ആവശ്യത്തിൽ ഇളവുവരുത്തുമെന്നും രണ്ടു തവണ വാക്സിനെടുത്തവരെ കടത്തിവിടുമെന്നുള്ള മലയാളി യാത്രക്കാരുടെ പ്രതീക്ഷ ഇതോടെ അവസാനിച്ചു.

കൊവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് നാലുമാസം മുൻപാണ് കേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള പ്രവേശന കവാടമാക്കൂട്ടം ചുരം പാതവഴിയുള്ള ഗതാഗതത്തിന് കർണാടക നിയന്ത്രണമേർപ്പെടുത്തിയത്.കഴിഞ്ഞയാഴ്‌ച്ച ചുരം പാതവഴി ഇരു സംസ്ഥാനങ്ങളിലെയും ആർ.ടി.സി ബസുകൾക്കുള്ള നിയന്ത്രണം ഭാഗികമായി പിൻവലിച്ചിരുന്നു. എങ്കിലും സ്വകാര്യബസ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.

കുടക്ജില്ലയിൽ ആളുകളെ കയറ്റുകയോ ചെയ്യരുതെന്ന നിബന്ധനയുള്ളതിനാൽ കേരള ആർ.ടി.സിയുടെ ഒരു ബസും മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ.ചുരം പാതവഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. മാക്കൂട്ടം ചുരം പാതവഴി കുടികലേക്കുള്ള യാത്രാനിയന്ത്രണം ഡിസംബർ എട്ടുവരെ നീട്ടിയത് കേരളത്തിലുള്ള ഉയർന്ന ടി.പി. ആർ നിരക്ക് കണക്കിലെടുത്താണെന്ന് വീരാജ്പേട്ട എംഎൽഎ കെ.ജി ബൊപ്പയ്യ അറിയിച്ചു.

അഞ്ചിന് മുകളിലാണ് ഇപ്പോൾ കേരളത്തിലെ ടി.പി. ആർ നിരക്ക്. അഞ്ചു ശതമാനത്തിൽ താഴെയെത്തിയാൽ മാത്രമേ നിയന്ത്രണം പിൻവലിക്കുകയുള്ളുവെന്നും സംസ്ഥാന സർക്കാരാണ് ഈക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ബൊപ്പയ്യ പറഞ്ഞു.