കണ്ണൂർ: ഒരു മേഖലയിൽ കോൺഗ്രസിന്റെ ഒന്നിലധികം സംഘടനകൾ പാടില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കോൺഗ്രസ് അനുകൂല സംഘടനകൾ ലയിച്ച് ഒറ്റ സംഘടനയാകുന്നു. 16 വർഷത്തിനുശേഷമാണ് ഇരുസംഘടനകളും ലയിക്കാനൊരുങ്ങുന്നത്.

മലബാർ ദേവസ്വം ബോർഡ് ജീവനക്കാർക്കിടയിലെ പ്രമുഖ സംഘടനയായിരുന്ന മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ എന്ന സംഘടന 2005-ലാണ് പിളർന്ന് മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് എന്ന പുതിയ സംഘടന രൂപംകൊള്ളുന്നത്. കോൺഗ്രസിലെ പിളർപ്പിന്റെ ഭാഗമായി കെ. കരുണാകരൻ ഡിഐസി. രൂപീകരിച്ചപ്പോഴാണ് കോടോത്ത് ഗോവിന്ദൻ നായർ പ്രസിഡന്റും പി. മുരളീധരൻ സെക്രട്ടറിയുമായി എംപ്ലോയീസ് കോൺഗ്രസ് രൂപംകൊണ്ടത്. ആ സമയം സ്റ്റാഫ് യൂണിയന്റെ പ്രസിഡന്റ് ടിവി ചന്ദ്രമോഹനനും സെക്രട്ടറി വിവി ശ്രീനിവാസനുമായിരുന്നു.

ഡിഐസി. കോൺഗ്രസിൽ ലയിച്ചപ്പോഴും സംഘടനകൾ രണ്ടായി തുടർന്നു. മുതിർന്ന നേതാക്കൾതന്നെ ഇരു സംഘടനയുടെയും തലപ്പത്തുമുണ്ടായിരുന്നു. ലയനത്തിനുശേഷം മാതൃസംഘടനയായ മലബാർ ദേവസ്വം സ്റ്റാഫ് യൂണിയന്റെ പേരിലാകും പ്രവർത്തിക്കുക. ഇപ്പോൾ മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് എം.കെ. രാഘവൻ ഏകീകൃത സംഘടനയുടെ പ്രസിഡന്റാകും. മലബാർ ദേവസ്വം സ്റ്റാഫ് യൂണിയന്റെ സെക്രട്ടറി സജീവൻ കാനത്തിൽ സെക്രട്ടറിയുമാകും.

ഒരുവിഭാഗം ജീവനക്കാർക്ക് ഗ്രൂപ്പിന്റെയും മറ്റും പേരിൽ ഒന്നിലധികം സംഘടന പാടില്ലെന്ന കെപിസിസിയുടെ നിർദ്ദേശത്തെ തുടർന്നാണ് സംഘടനകൾ ഒന്നിക്കുന്നത്. ജനുവരി 22-ന് കോഴിക്കോട് ഡിസിസി. ഓഫീസിൽ ലയനസമ്മേളനം നടക്കും. പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.

1987-ലാണ് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ രൂപംകൊള്ളുന്നത്. രണ്ടു സംഘടനകൾ ഒന്നാകുന്നതോടെ ക്ഷേത്രജീവനക്കാരുടെ ശക്തമായ പിന്തുണയുള്ള സംഘടനയായി സ്റ്റാഫ് യൂണിയൻ മാറുമെന്ന് മുൻ സെക്രട്ടറി പി. മുരളീധരൻ പറഞ്ഞു. നേരത്തെ ദീർഘകാലം സ്റ്റാഫ് യൂണിയന്റെ സെക്രട്ടറിയായിരുന്ന വിവി ശ്രീനിവാസൻ ഇപ്പോൾ ഈ സംഘടനയിലില്ല. എംപ്ലോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.