കോതമംഗലം: ജീവിതം ദുസ്സഹമായെന്നും അതിനാൽ താമസ്ഥലം വിട്ടുപോകാൻ നിർബന്ധിതമായിരിക്കുകയാണെന്നും പുനരധിവസിപ്പിക്കാൻ സർക്കാർ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം ആദിവാസികൾ പ്രക്ഷോഭത്തിലേയ്ക്ക്. തൃശ്ശൂർ മലക്കാപ്പാറ അറാക്കപ്പ് ആദിവാസി ഊരിലെ താമസക്കാരാണ് തങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചിട്ടുള്ളത്.

പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിയുൾയുൾപ്പെടെ ഉന്നതാധികൃതരെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനിയും തീരുമാനമുണ്ടായില്ലങ്കിൽ പരസ്യപ്രക്ഷോഭ പരിപാടികളിലേയ്ക്ക് നീങ്ങുമെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.അനുകൂല സാഹചര്യങ്ങളുള്ള സമീപപ്രദേശത്തെവിടെയെങ്കിലും ബന്ധപ്പെട്ട അധികൃതർ താമസൗകര്യം ഒരുക്കണമെന്നും തീരുമാനമെടുക്കാൻ വൈകിയാൽ തങ്ങൾ സ്വയം ഇക്കാര്യം നടപ്പിലാക്കാൻ ഇറങ്ങുമെന്നുമാണ് ഇവർ സൂചിപ്പിക്കുന്നത്.

സർക്കാർ തങ്ങൾക്കുവേണ്ടി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധികളുടെ ഗുണഫലം ഊരിന് ലഭിക്കുന്നില്ലന്നും ഇതാണ് ഇപ്പോഴത്തെ ദുസ്ഥിക്ക് കാരണമെന്നുമാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുള്ളവർ വ്യക്തമാക്കുന്നത്.ആർക്കെങ്കിലും രോഗം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ ചാക്കിൽ കിടത്തി കൊടും വനത്തിലൂടെ ചുമക്കണമെന്നുംഅത്യവശ്യസാധനങ്ങൾ വാങ്ങുന്നതിനായി കൊടുകാട്ടിലൂടെ 3 മണിക്കൂറിലേറെ നടക്കേണ്ട സാഹചര്യമാണ് നിലവിളുള്ളതെന്നും കൃത്യസമയത്ത് ചികത്സ കിട്ടാതെ നിരവധി പേർ മരണപ്പെട്ടിട്ടുണ്ടെന്നും ഇവർ പറയുന്നു.

45 ളം കുടംബങ്ങളാണ് അറാക്കപ്പ് കോളനിയിൽ താമസിക്കുന്നത്.വാടാട്ടുപാറയിലും മലക്കപ്പാറയിലുമാണ് അവശ്യസാധനങ്ങൾ വാങ്ങാനായി പോകുന്നത്.രണ്ടുസ്ഥലത്തേയ്ക്കും വാഹനസൗകര്യമില്ല.ആനത്താരകൾ ഉൾപ്പെടുന്നതും കടവയും കരടിയുമൊക്കെ വിഹരിക്കുന്നതുമായ വനപാതിയൂടെയാണ് രാവും പകലുമൊക്ക കോളനിവാസികൾ സഞ്ചരിക്കുന്നത്.പ്രളയകാലത്ത് ഇവിടെ ഉരുൾപൊട്ടലുമുണ്ടായി.

ആർക്കും കൃത്യമായവരുമാന മാർഗ്ഗങ്ങളില്ല.കൃഷിപ്പണിയാണ് മിക്കവരുടെയും തൊഴിൽ.കൃഷിയിൽ നിന്നും കാര്യമായ വരുമാനമില്ല.ഈറ്റവെട്ടുള്ള അവസരങ്ങളിൽ കുറച്ചുപേർക്ക് പണികിട്ടും.പുറമെ കൂലിപ്പണിക്കുപോയിട്ടാണ മറ്റൊരുകൂട്ടർ പട്ടിണിയില്ലാതെ കഴിയുന്നത്.സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാത്തത് ഭാവിജീവിതം അനിശ്ചിതമാക്കിയിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കി.

ആദിവാസി ക്ഷേമത്തിനായി സർക്കാർ കോടികൾ ചിലവഴിക്കുന്നതായുള്ള പ്രഖ്യാപനം നിലനിൽക്കുമ്പോഴാണ് ആദിവാസി ഊരുകളിൽ നിന്നും ഇത്തരം ദുരിതകഥകൾ പുറത്തുവരുന്നത് എന്നത് ഏറെ ഗൗരവമുള്ള കാര്യമാണെന്നാണ് ചൂണ്ടികാണിയക്കപ്പെടുന്നത്.ആദിവാസി ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിയ്‌ക്കേണ്ട് തുക ഇടത്തട്ടുകാർ കവർന്നെടുക്കുന്നതായിട്ടാണ് ആരോപണമുയരുന്നത്.ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടന്നാൽ ഉന്നതരടക്കം നിരവധി പേരുടെ കള്ളക്കളികൾ വെളിച്ചത്താവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.