മലപ്പുറം: മലപ്പുറം ജില്ലയിലെ എസ്എഫ്ഐ, ഡിവൈഎഫ് നേതാക്കൾ ഒരുമിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നു. മലപ്പുറം ജില്ല പഞ്ചായത്തിലേക്കുള്ള അഞ്ച് ഡിവിഷനുകളിൽ ജില്ലയിലെ എസ്എഫ്ഐ നേതാക്കളെയാണ് സിപിഐഎം സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ല സെക്രട്ടറിയും, പ്രസിഡണ്ടും, ജില്ല കമ്മറ്റി അംഗങ്ങളും മത്സര രംഗത്തുണ്ട്. എസ്എഫ്ഐ മലപ്പുറം ജില്ല സെക്രട്ടറി കെ എ സക്കീറാണ് മലപ്പുറം ജില്ല പഞ്ചായത്ത് എടയൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. എസ്എഫ്ഐ ജില്ല പ്രസിഡണ്ട് ഇ അഫ്സൽ മംഗലം ഡിവിഷനിൽ നിന്നും മലപ്പുറം ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്നു.

മലപ്പുറം ജില്ല പഞ്ചായത്ത് വാഴക്കാട് ഡിവിഷനിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അഗം അഡ്വ.രഹ്ന സബീനയാണ്. ജില്ല പഞ്ചായത്തിലേക്ക് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി പാണ്ടിക്കാട് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന ഹർഷയാണ്. ഹർഷ എസ്എഫ്ഐ പ്രവർത്തകയും ഡിവൈഎഫ്ഐ ഭാരവാഹിയുമായണ്. ആനക്കയം ഡിവിഷനിൽ നിന്നും എസ്എഫ്ഐ പ്രവർത്തക അഡ്വ. ബേനസീർ നാവീദാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഡിവൈഎഫ്ഐ നേതാക്കളും മലപ്പുറം ജില്ല പഞ്ചായത്തിലേക്ക് മത്സര രംഗത്തുണ്ട്.

ഡിവൈഎഫ്ഐ മലപ്പുറം ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ പികെ മുബഷിർ വണ്ടൂർ ഡിവിഷനിൽ നിന്നും ജനവിധി തേടുമ്പോൾ തൃക്കലങ്ങോട് ഡിവിഷനിൽ ഡിവൈഎഫ്ഐ പുന്നപ്പാല മേഖല സെക്രട്ടറിയും എസ്എഫ്ഐ മുൻ ജില്ല ജോയിന്റ സെക്രട്ടറിയുമായ ഷൈജു പുന്നപ്പാലയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ബ്ലോക്ക് പഞ്ചായത്തിലേക്കും ഇത്തവണ മലപ്പുറം ജില്ലയിൽ എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നവരിലേറെയും ചെറുപ്പക്കാരായ സ്ഥാനാർത്ഥികളാണ്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ചീക്കോട് ഡിവിഷനിൽ നിന്നും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അഷറഫ് കൊളമ്പലമാണ് ജനവിധി തേടുന്നത്.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഒളവട്ടൂർ ഡിവിഷനിൽ നിന്നും ഡിവൈഎഫ്ഐ പ്രവർത്തകൻ അനസ് മലാട്ടിക്കലാണ് മത്സരിക്കുന്നത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അറവങ്കര ഡിവിഷനിൽ നിന്നും എസ്എഫ്ഐ കൊണ്ടോട്ടി ഏരിയ കമ്മറ്റി അംഗം ടിവി ഷബീബ് മെഹബൂബാണ് മത്സരിക്കുന്നത്.ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും നിരവധി എസ്എഫ്ഐ, ഡിവൈഎഫ് പ്രവർത്തകർ മത്സരിക്കുന്നുണ്ട്. പൊന്നാനി, മലപ്പുറം നഗരസഭകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ മഹാഭൂരിഭാഗവും 30 വയസ്സിന് താഴെയുള്ളവരാണ്.

വിദ്യാർത്ഥികളും പ്രൊഫഷണലുകളും മത്സര രംഗത്തുണ്ട്. നിരവധി പഞ്ചായത്തുകളിലേക്കും ഇത്തരത്തിൽ യുവാക്കളെ അണിനിരത്തി മത്സരം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മലപ്പുറത്തെ എൽഡിഎഫ്. സിപിഐഎമ്മിന് പുറമെ എൽഡിഎഫിലെ ഘടക കക്ഷികളും ഇത്തവണ മലപ്പുറത്തെ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നാണ് അവരുടെ സ്ഥാനാർത്ഥി പട്ടിക കാണുമ്പോൾ മനസ്സിലാകുന്നത്. സിപിഐ, ഐഎൻഎൽ എന്നീ പാർട്ടികളും അവർക്ക് ലഭിച്ച ജില്ല പഞ്ചായത്ത് സീറ്റുകളിൽ ചെറുപ്പക്കാരെയാണ് നിർത്തിയിട്ടുള്ളത്.

അതേ സമയം ജില്ലയിലെ യുഡിഎഫിൽ ഇപ്പോഴും സ്ഥാനാർത്ഥി നിർണ്ണയം വഴി മുട്ടി നിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ അടക്കമുള്ളവർ ജില്ലയിലെ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി യുവാക്കൾക്ക് അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം വഴി മുട്ടി നിൽക്കുകയാണ്. ജില്ല പഞ്ചായത്തിലേക്ക് ഭൂരിഭാഗം സീറ്റുകളിലും കഴിഞ്ഞ വർഷം മത്സരിച്ചവരും മുതിർന്ന ലീഗ് കോൺഗ്രസ് നേതാക്കളും കണ്ണുവെച്ചിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്ന കാര്യത്തിൽ ജില്ലയിലെ എൽഡിഎഫ് നേതൃത്വത്തെ കണ്ടുപഠിക്കണമെന്ന് യുഡിഎഫ് അനുകൂല വിദ്യാർത്ഥി യുവജന സംഘടനകൾ തങ്ങളുടെ നേതൃത്വത്തെ വെല്ലുവിളിക്കുന്ന കാഴ്ചയാണ് മലപ്പുറത്ത് നിന്നുള്ളത്. മലപ്പുറം ജില്ല പഞ്ചായത്തിലേക്കുള്ള ഭൂരിഭാഗം സീറ്റുകളിലേക്കും ഇത്തവണയും മുസ്ലിം ലീഗായിരിക്കും മത്സരിക്കുക. മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എപി ഉണ്ണിക്കൃഷണൻ തൃക്കലങ്ങോട് ഡിവിഷനിൽ നിന്ന് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായതൊഴിച്ചാൽ നാമനിർദ്ദേശം സമർപ്പിക്കാനുള്ള സമയമടുത്തിട്ടും യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയം ഇപ്പോഴും വഴി മുട്ടി നിൽക്കുകയാണ്.