മലപ്പുറം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കമുണ്ടെന്ന പ്രചരണത്തെ തുടർന്ന് മലബാറിൽ 'നിക്കാഹ്' മഹാമഹം. വിവാഹപ്രായം ഉയർത്തരുതെന്ന നിലപാടിലാണ് മുസ്ലിംമതസംഘനളെങ്കിലും പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾകൂടി പ്രചരിച്ചതോടെയാണ് മലബാറിലും പ്രത്യേകിച്ച് മലപ്പുറത്തും 21വയസ്സിന് താഴേയുള്ള പെൺകുട്ടികളുടെ വിവാഹങ്ങൾ വ്യാപകമായി നടക്കുന്നത്.

ഇത്തരത്തിൽ ധൃതിയിൽ നടത്തുന്ന നിക്കാഹുകൾ സ്വപ്നങ്ങളെ തച്ചുടക്കാതിരിക്കട്ടെയെന്ന് എം.എസ്.എഫ് ഹരിത സംസ്ഥാന അധ്യക്ഷയും വയനാട്ടുകാരി മുഫീദ തസ്നി തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. വിവാഹം ചെയ്തു വീടുകളിലേക്കു കൂട്ടിക്കൊണ്ടു പോകാതെ നിക്കാഹ് കഴിച്ച് പെൺകുട്ടികളെ അവരവരുടെ വീടുകളിൽ തന്നെ നിർത്തുന്ന രീതിയും വ്യാപകമായിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏതുനിമിഷവും നിയമം പ്രാബല്യത്തിലാക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് ഈ നീക്കം. നവംബർ നാലിന് പുതുക്കിയ നിയമം പ്രാബല്യത്തിൽ വരുമെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരണം നടന്നിരുന്നു.

കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞതായാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ, മന്ത്രിയോ സർക്കാർ വൃത്തങ്ങളോ ഇതുസംബന്ധിച്ച് ഓദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുംനടത്തിയിട്ടില്ല. പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസങ്ങൾക്കു മുമ്പ് അറിയിച്ചിരുന്നു. എന്നാൽ, ഇതു എത്രയാണ് പ്രായമെന്നോ, എപ്പോൾ നടപ്പിലാക്കുമെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. തുടർന്ന് ഇതിനെ ചുറ്റിപ്പറ്റിയാണിപ്പോൾ അഭ്യൂഹങ്ങൾ പടച്ചുവിടുന്നത്.

ഇതിനോടകം വിവാഹം ഉറപ്പിച്ചുവെച്ച 18 വയസ്സ് തികഞ്ഞ എന്നാൽ, 21നു താഴെ പ്രായമുള്ളവരുടെ കുടുംബങ്ങളെല്ലാം വിവാഹങ്ങൾ വേഗത്തിൽ നടത്തുകയാണ്. വിവാഹപ്രായം ഉയർത്തുന്നതിൽ ഭൂരിഭാഗം മുസ്ലിംമത സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. വികസിത രാഷ്ട്രങ്ങളുൾപ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെൺകുട്ടികളുടെ വിവാഹപ്രായം 16 മുതൽ 18 വരെയാണെന്നിരിക്കെ ഇന്ത്യൻ വിവാഹ പ്രായത്തിൽ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്നാണ് സംഘടനകളുടെ അഭിപ്രായം. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് വിവാഹങ്ങളും നിക്കാഹുകളും വ്യാപകമായി നടക്കുന്നത്.

പെൺകുട്ടികളുടെ വിവാഹം പ്രായം 21 ആക്കുന്നതിലൂടെ സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്ച്യുതിക്കും കാരണമാകുമെന്നാണ് സമസ്തയുടെ നിലപാട്. അതിനുപുറമെ പെൺകുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിതെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. വിവാഹ പ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ കേന്ദ്ര സർക്കാരിന് നിവേദനം നൽകാനും വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുവാനുള്ള തീരുമാനവും എടുത്തിരുന്നു.

നിലവിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21ഉം ആണ്. ഇത് പുതുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സാമൂഹ്യപ്രവർത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുക.മാതൃമരണ നിരക്ക് കുറക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുക, വിളർച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹപ്രായം ഉയർത്തുന്നതിന്റെ ലക്ഷ്യമായി കേന്ദ്ര സർക്കാർ ഉയർത്തിക്കാട്ടുന്നത്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെൺകുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

നമ്മുടെ പെൺമക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെൺകുട്ടികൾ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു, ഈ റിപ്പോർട്ട് വരുന്ന ഉടൻ തന്നെ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ദിവസങ്ങൾക്കു പ്രധാനമന്ത്രി പറഞ്ഞത്. അതേ സമയം പ്രസ്താവന നടത്തിയ പ്രാധാനമന്ത്രിയെ ട്രോളിയുള്ള പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ പ്രസ്താവനയെ തുടർന്ന് നിരവധി വിവാഹങ്ങളും നിക്കാഹുകളും നടന്നതോടെ 'ഒരാഴ്‌ച്ചകൊണ്ട് ഒരുപാട് പേരുടെ നിക്കാഹ്' കഴിപ്പിച്ച ബല്ലാത്ത ജാതി ബാപ്പ' എന്ന പേരിൽ മോദിയുടെ ചിത്രം സഹിതം സോഷ്യൽമീഡിയയിൽ ട്രോളുകൾ പ്രചരിക്കുന്നുണ്ട്.