മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത് മലപ്പുറം ജില്ലയിൽ ഒൻപത് കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതോടെ ജില്ലയിൽ ഇന്ന് മുതൽ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചത്. ആദ്യ ദിവസം ആരോഗ്യ പ്രവർത്തകർക്കാണ് പ്രതിരോധ മരുന്ന് നൽകിയത്. വാക്സിൻ വിതരണം വരും ദിവസങ്ങളിലും തുടരും.

മഞ്ചേരി ഗവ. മെഡിക്കൽ കോളജ്, നിലമ്പൂർ ജില്ലാ ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം, പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിൻ നൽകിത്തുടങ്ങിയത്. വാക്സിനേഷൻ സ്വീകരിക്കുന്നവർക്ക് വരേണ്ട സമയവും സ്ഥലവും കാണിച്ചുള്ള അറിയിപ്പ് മൊബൈൽ ഫോണിൽ നൽകിയിരുന്നു. വാക്സിനെടുത്തവർ 30 മിനിറ്റ് നേരം നിരീക്ഷണ മുറിയിൽ കാത്തിരുന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കുത്തിവെപ്പ് തുടരും.
ജില്ലയിൽ 23880 ആരോഗ്യപ്രവർത്തകരാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്തവരിൽ നിന്ന് 13000 പേർക്ക് രണ്ട് ഡോസ് വീതം നൽകാനുള്ള വാക്സിനാണ് എത്തിയിട്ടുള്ളത്. വാക്സിനേഷൻ കേന്ദ്രത്തിൽ ഒരു വാക്സിനേറ്ററും നാല് വാക്സിനേഷൻ ഓഫീസർമാരുമടക്കം അഞ്ച് ജീവനക്കാരാണുണ്ടായിരുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുക.

പൊന്നാനി വെള്ളിരി ഗവ. എൽ.പി സ്‌കൂളിൽ നടക്കുന്ന വാക്സിനേഷൻ ക്യാമ്പ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സന്ദർശിച്ചു. കേരളത്തിൽ വാക്സിനേഷൻ പൂർണമായും സൗജന്യമായാണ് നൽകുന്നതെന്ന് സ്പീക്കർ പറഞ്ഞു. ഇതിനായി ബജറ്റിൽ തുക വകയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ടി.ബി ആശുപത്രിയിലെ ഫാർമസിസ്റ്റ് ജോസ് ബെൻ റോയ് ആദ്യ വാക്സിൻ സ്വീകരിച്ചു.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫാർമസിസ്റ്റ് നാലകത്ത് അബ്ദുറസാഖ് ആദ്യ വാക്സിൻ സ്വീകരിച്ചു. എം. ഉമ്മർ എംഎ‍ൽഎ, ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ, ആർ.എം.ഒമാരായ ഡോ. ജലീൽ, ഡോ. സഹീർ, കോവിഡ് നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബു, ജില്ലാ നഴ്സിങ് ഓഫീസർ പി. നളിനി, എം.സി.എച്ച് ഓഫീസർ ടി. യശോദ തുടങ്ങിയവർ സംബന്ധിച്ചു.

മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനും ഐ.എം.എ. മുൻ ദേശീയ ഉപാധ്യക്ഷനും സംസ്ഥാന പ്രസിഡന്റും ചെയർമാനുമായ ഡോ.വി.യു. സീതിയാണ് ആദ്യവാക്സിൻ സ്വീകരിച്ചത്. പി ഉബൈദുള്ള എംഎ‍ൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞ്ഞിപ്പു, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ സിവിക്ക് നൂറേങ്ങൽ, പി.കെ ഹക്കീം, പികെ സക്കീർ, മറിയുമ്മ ശരീഫ്, എഡിഎം എൻ.എം. മെഹറലി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, എൻഎച്ച്എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, റീ പ്രൊഡക്റ്റീവ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ.കെ രാജേഷ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് ഇ.എ. രാജൻ, ടെക്നിക്കൽ അസിസ്റ്റന്റ് ടി ഭാസ്‌ക്കരൻ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ പി.എം. ഫസൽ, ആശുപത്രി സൂപ്രണ്ട് സി. അലിഖർ ബാബു, ഐ.എം.എ പ്രതിനിധി ഡോ. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നടന്ന ക്യാമ്പിൽ സ്വകാര്യ ആശുപത്രി സുരക്ഷ ജീവനക്കാരനായ ഗിരീഷിനാണ് ആദ്യ വാക്സിൻ നൽകിയത്. ജില്ലാ ടി.ബി. ഓഫീസർ ഡോ. അരുൺ ജേക്കബ്, ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് യു.കെ. കൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു വാക്സിൻ വിതരണം. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അബൂബക്കർ, ആർ.എം.ഒ. ഡോ. പി.കെ. ബഹാവുദ്ദീൻ, ഡോ. കെ.കെ. പ്രവീണ, ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി.എ. ചാച്ചി, ഹെൽത്ത് സൂപ്പർവൈസർ പി. ശബരീശൻ തുടങ്ങിയവർ നേതൃത്വം നൽകി.തിരൂർ ജില്ലാ ആശുപത്രിയിൽ പി.ആർ.ഒ മുനീർ ആദ്യ വാക്സിൻ സ്വീകരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വിനോദ്, ആർ.എം.ഒ. ഡോ. അർച്ചന, കോവിഡ് നോഡൽ ഓഫീസർ ഡോ. കൃഷ്ണദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ വളവന്നൂർ ബ്ലോക്ക് ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ അഹമ്മദ്കുട്ടി ആദ്യ കുത്തിവെപ്പ് സീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് മയ്യേരി, കോട്ടക്കൽ ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. സി.വി ജയദേവൻ, ജില്ലാ മാസ് മീഡിയ ഓഫീസർ പി. രാജു, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വി.പി. അഹമ്മദ്കുട്ടി, ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ. എം. ജിതേഷ് , ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആശ എന്നിവർ നേതൃത്വം നൽകി.

കോണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയിൽ പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് ആദ്യ വാക്സിൻ സ്വീകരിച്ചു. പി.വി. അബ്ദുൾ വഹാബ് എംപി, ടി.വി. ഇബ്രാഹിം എംഎ‍ൽഎ, നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റ, ഉപാധ്യക്ഷൻ പി. അനൂപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജ്നി ഉണ്ണി, ആശുപത്രി സൂപ്രണ്ട് ഡോ. യു. ബാബു തുടങ്ങിയവർ സംബന്ധിച്ചു.
നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയ വാക്സിൻ ക്യാമ്പിൽ എം.കെ. ഹാജി മെമോറിയൽ ആശുപത്രിയിലെ ഡോക്ടർ അബ്ദു സമദാണ് ആദ്യ വാക്സിൻ സ്വീകരിച്ചത്. പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ, ഉപാധ്യക്ഷ ഷഹർബാനു, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹുൽ ഹമീദ്, മുസ്തഫ, ജില്ലാ മലേറിയ ഓഫീസർ ശ്രീവത്സൻ, മെഡിക്കൽ ഓഫീസർ ഡോ. കെ. സുജാത, ജില്ലാ ലാബ് ടെക്നീഷ്യൻ കെ. റസീന തുടങ്ങിയവർ പങ്കെടുത്തു.

പെരിന്തൽമണ്ണ കിംസ് അൽഷിഫാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് അഞ്ജന ആദ്യ വാക്സിൻ സ്വീകരിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി.ഷാജി, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. കെ. മുഹമ്മദ് ഇസ്മയിൽ, അൽഷിഫാ ആശുപത്രി വൈസ് ചെയർമാൻ ഡോ.പി.ഉണ്ണീൻ, കോവിഡ് നോഡൽ ഓഫീസർ ഡോ.അനീഷ്, അൽഷിഫാ യൂണിറ്റ് ഹെഡ് കെ.സി.പ്രിയൻ, നഴ്സിങ് സൂപ്രണ്ട് ഷേർളി, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് പ്രതിരോധ വാക്സിനേഷൻ ഘട്ടങ്ങൾ

കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടവർ അവർക്ക് അനുവദിക്കപ്പെട്ട സമയത്തെത്തി കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രത്യേക സ്ഥലത്ത് വിശ്രമിച്ചു. വാക്സിനേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ കുത്തിവെയ്‌പ്പിനെക്കുറിച്ച് വിശദീകരിച്ചു. സംശയനിവാരണം വരുത്തി. രണ്ടാംഘട്ടത്തിൽ രജിസ്ട്രേഷൻ. ആദ്യം ശരീരോഷ്മാവ് പരിശോധനയും കൈ ശുചീകരണവും. തുടർന്ന് എത്തിയ വ്യക്തിയുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച് സർക്കാർ നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തി. തുടർന്ന് കുത്തിവെയ്‌പ്പ് മുറിയിലേക്ക്. അവിടെ ശീതീകരിച്ച സംവിധാനത്തിൽ സൂക്ഷിച്ച വാക്സിൻ സിറിഞ്ചിൽ നിറച്ച് കുത്തിവെയ്‌പ്പ്. നാലാം ഘട്ടത്തിൽ കോവിൻ എന്ന ആപ്പിൽ വാക്സിൻ എടുത്തയാളുടെ വിശദാംശങ്ങൾ ചേർത്തു. ഇതിന് ശേഷം നിരീക്ഷണ മുറിയിലേക്ക്. അവിടെ അര മണിക്കൂർ നിരീക്ഷണം. വാക്സിൻ എടുത്ത ശേഷം എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോയെന്ന് അറിയാനാണിത്. അസ്വസ്ഥതയൊന്നുമില്ലെങ്കിൽ അര മണിക്കൂറിന് ശേഷം മടക്കം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ചികിത്സ സംവിധാനമുള്ള പ്രത്യേക മുറിയിലേക്ക്. അവിടെ രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ശാരീരിക പരിശോധനകൾ. ആവശ്യമെങ്കിൽ തുടർ ചികിത്സ.അല്ലാത്തപക്ഷം വീട്ടിലേക്ക് മടക്കം.