തിരുവനന്തപുരം: മരക്കാർ അറബിക്കടലിന്റെ സിംഹവും തിയേറ്റർ ഉടമകളും തമ്മിലുള്ള തർക്കം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. ഒരൊറ്റ സിനിമയിൽ നിന്ന് മാറി മലയാള സിനിമ വ്യവസായത്തിന്റെ ഭാവിയെ തന്നെ നിർണ്ണയിക്കുന്ന തരത്തിലേക്ക് വിവാദം മാറിക്കഴിഞ്ഞു.70 കോടിക്ക് മുകളിൽ തുകയ്ക്കാണ് മരക്കാർ ആമസോൺ പ്രൈമിന് വിറ്റതെന്നാണ് റിപ്പോർട്ടുകൾ.

90 കോടിയോളം മുതൽ മുടക്കിൽ നിർമ്മിച്ച മരയ്ക്കാർ നഷ്ടം സഹിച്ച് കൊടുക്കുമ്പോൾ ആ നഷ്ടം നികത്താന് മോഹൻലാലിന്റെ നാല് സിനിമകൾ കൂടി ഒടിടിക്ക് നൽകുമെന്നും ആന്റണി വ്യക്തമാക്കി കഴിഞ്ഞു.ഇതിൽ ബ്രോഡാഡിയും ട്വൽത്ത് മാനും ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് എത്തുക.എന്നാൽ ഷാജികൈലാസ് സംവിധാനം ചെയ്ത് എലോണും വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രവും പ്ലാറ്റ്‌ഫോമിന്റെ കാര്യത്തിൽ ധാരണയായിട്ടില്ല.

വളരെ എളുപ്പത്തിൽ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞുപോകാമെങ്കിലും സംഭവം അത്ര നിസാരമല്ല.കാരണം ഈ അഞ്ചു സിനിമകളും വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിലേക്ക് പോകുമ്പോൾ തീർച്ചായയും ലോക സിനിമ വ്യവസായത്തിൽ തന്നെ മലയാള സിനിമക്കുണ്ടാക്കുന്ന മൈലേജ് ചെറുതല.അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് മോഹൻലാലിന് പിന്നാലെ ദിലീപിന്റെ കേശുവിന്റെ നാഥനും ഒടിടിയിലേക്ക് പോകുന്നത്.

സുപ്പർ താരങ്ങൾ പോലുമില്ലാതെ ഒരുപക്ഷെ തിയേറ്ററുകൾ കൈയോഴിഞ്ഞേക്കാവുന്ന സിനിമകൾക്കും വലിയ നഷ്ടം കുടാതെ ഒടിടി പ്ലാറ്റ്‌ഫോം അവസരമൊരുക്കുകയും മികച്ച അഭിപ്രായം നേടി മുന്നേറുകയും ചെയ്യുന്ന കാഴ്്ച്ചയും നമ്മൾ കണ്ടു.തിങ്കളാഴ്‌ച്ച നിശ്ചയം പോലുള്ള സിനിമ ഇതിന്റെ ഉദാഹരങ്ങളാണ്.അത്തരത്തിൽ സുപ്പർ താര സിനിമകളും ഒടിടിയിലേക്ക് പോയാൽ ആർക്കാണ് തിരിച്ചടി ഉണ്ടാവുക എന്ന കാര്യം പുനർചിന്തനത്തിന് വിധേയമാക്കേണ്ടതാണ്.

ആമസോണിലാണ് ആദ്യമായി ഒരു മലയാള സിനിമ ഒടിടിയിൽ എത്തിയതെങ്കിലും ഇന്ന് ആമസോണിനൊപ്പം ഇന്ന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളായ ഡിസ്‌നി ഹോട്ട്സ്റ്റാർ, നെറ്റ്ഫ്‌ളിക്‌സ്, സോണി ലിവ് തുടങ്ങിയവരൊക്കെ തന്നെയും മലയാള സിനിമയെ നോട്ടമിട്ടു കഴിഞ്ഞു.മോഹൻലാൽ ചിത്രത്തിന് പുറമെ നിവിൻ പോളിയുടെ കനകം കാമിനി കലഹം അടുത്താഴ്‌ച്ച ഹോട്സ്റ്റാറിലുടെ പ്രേക്ഷകർക്ക് മുന്നിലെത്തും.ടോവിനോയുടെ മിന്നൽ മുരളി ക്രിസ്തുമസ് റിലീസായി നെറ്റ്ഫ്‌ളിക്‌സിലുടെ പ്രേക്ഷകർക്ക് മുന്നിലെത്തും.സോണി ലിവും തിങ്കളാഴ്‌ച്ച നിശ്ചയവും കാണെകാണെയുമൊക്കെയായി മലയാള സിനിമയുടെ പ്രധാന്യവും വ്യവസായ സാധ്യതയും മനസിലാക്കി കഴിഞ്ഞു.

തിയേറ്ററുകൾ ഇല്ലാതായാൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ വിലപേശൽ നിർത്തുമെന്നതുൾപ്പടെയുള്ള വാദങ്ങളും ഇവിടെ ഖണ്ഡിക്കപ്പെടുകയാണ്. കാരണം അത്രമേൽ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് രാജ്യത്ത് ആരംഭിക്കുന്നത്.അതുകൊണ്ട് തന്നെ ഒരു നിർമ്മാതാവിന് മികച്ച വില തന്റെ സിനിമയ്ക്ക് ഉറപ്പിക്കുവാനും സാധിക്കും.ഒടിടികൾ തമ്മിലുള്ള കിടമത്സരം ഗുണം ചെയ്യുക നിർമ്മാതാവിന് തന്നെ.അതുകൊണ്ട് തന്നെ ഇത്തരം നീക്കങ്ങൾ ലോക സിനിമ വ്യവസായ ഭുപടത്തിൽ മലയാള സിനിമയെ ഒരു ബ്രാൻഡാക്കി മാറ്റും എന്നതിൽ തർക്കമില്ല.

മരയ്ക്കാറിന്റെ കച്ചവടം എത്ര രൂപയ്ക്കാണെന്നു വ്യക്തമല്ല. ഒരു കാര്യം ഉറപ്പാണ്. ചൈനീസ്, ഒടിടി വിൽപനയിലൂടെ മരയ്ക്കാർ നിർമ്മാണ ചെലവു മറികടന്നിട്ടുണ്ട്. 100 കോടിയോളമാണു നിർമ്മാണ ചെലവ്. ഈ 4 സിനിമകളാണു 150 തിയറ്ററിൽ റിലീസ് ചെയ്യുന്ന മലയാള സിനിമയെ കോടികളിലേക്ക് എത്തിച്ചത്. അതിന്റെ തുടക്കം 15 കോടിയുടെ ദൃശ്യമായിരുന്നു. ഇപ്പോൾ നിർമ്മാണം തുടരുന്ന മോഹൻലാൽ സംവിധായകനായ 'ബറോസിനു' വേണ്ടി ആന്റണി പെരുമ്പാവൂർ മുടക്കുന്നതു നൂറു കോടിയിലധികം രൂപയാണ്. തുല്യമായ തുക എമ്പുരാനു വേണ്ടിയും മുടക്കുന്നു. രാജ്യത്തെ ഒരു നിർമ്മാതാവും തുടർച്ചയായി 4 സിനിമകൾക്കു 100 കോടിയോളം രൂപ മുടക്കിയിട്ടില്ല.

കോവിഡ് പ്രതിസന്ധി മറികടന്നതും അദ്ഭുതമാണ്. മരയ്ക്കാറിനു വേണ്ടി 100 കോടി മുടക്കിയ നിർമ്മാതാവ് അതു റിലീസ് ചെയ്യാനാകാത്ത അവസ്ഥയിൽ തളരേണ്ടതാണ്. എന്നാൽ കോവിഡ് നിയന്ത്രണത്തിനിടയിൽ 30 ദിവസത്തോളം സെറ്റിലെ എല്ലാവരേയും ഒരു ഹോട്ടലിൽ താമസിപ്പിച്ചാണു ദൃശ്യം 2 ഷൂട്ടു ചെയ്തത്. തികച്ചും അപകടകരമായ ദൗത്യം. എല്ലാവരും പേടിച്ച് അകത്തിരിക്കുമ്പോഴായിരുന്നു ആന്റണിയും മോഹൻലാലും ജീത്തു ജോസഫും ഇറങ്ങിയത്. മരയ്ക്കാർ തിയറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ ദൃശ്യം 2 ഒടിടിക്കു വിറ്റേ പറ്റൂവെന്നു പ്രഖ്യാപിച്ച ആന്റണി മറികടന്നതു വലിയൊരു സാമ്പത്തിക ബാധ്യതയെയാണ്. അതോടെയാണു രാജ്യത്തെ പല ഭാഷകളിലും ഉണർവുണ്ടായതും ഈ സമയത്തും കച്ചവടം നടത്താമെന്നുറപ്പിച്ചതും.

ഇവിടെയും തീരുന്നില്ല. ആന്റണി പെരുമ്പാവൂരും മോഹൻലാലും ചൈനീസ് കമ്പനികളുമായി ചേർന്നു നിർമ്മാണ കമ്പനി തുടങ്ങിക്കഴിഞ്ഞു. ഇവരായിരിക്കും മരയ്ക്കാർ ചൈനയിൽ ഡബ്ബു ചെയ്തു വിതരണം ചെയ്യുക. കോവിഡ് ഭീതി കഴിഞ്ഞാൽ ഉടൻ നടക്കുന്ന കച്ചവടം ഇതാകും. 3000 തിയറ്ററിൽ റിലീസ് അവകാശമുള്ള കമ്പനികളുമായാണ് കരാർ. അതായത് ആശിർവാദ് എന്ന ബ്രാൻഡ് ചൈനയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള മണികിലുക്കം ചെറുതല്ല. മോഹൻലാലിന്റെ മറ്റു മലയാള സിനിമകളും ഇതിലൂടെ ചൈനയിലെത്തും.

സിനിമയുടെ സാധ്യതകളെ വിശാലമാക്കാൻ ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് കഴിയുമെന്നത് ശരിയാണ്. ടിക്കറ്റെടുത്ത് സീറ്റിലിരുന്ന്, ഡോൾബി അറ്റ്‌മോസിന്റേയോ മറ്റോ ശബ്ദ ഗാംഭീര്യത്തിൽ മുന്നിലെ വലിയ സ്‌ക്രീനിൽ സിനിമ കാണുമ്പോൾ നമുക്കുണ്ടാകുന്ന അനുഭവം എത്രത്തോളം ലഭ്യമാക്കാൻ ഇവക്കു കഴിയുമെന്നിടത്താണ് തിയേറ്ററുകളുടെ പ്രസക്തി.അവിടെയാണ് മരക്കാർ പോലൊരു ചിത്രം തിയേറ്ററിലേക്കെത്താതിരിക്കുമ്പോൾ തിയേറ്റർ പ്രേമികൾ വിഷമത്തിലാവുന്നത്. ഒരു വലിയ ബിസിനസ് സാധ്യത മങ്ങുന്നു എന്നിടത്താണ് സൂപ്പർ സ്റ്റാർ ചിത്രങ്ങൾ തുരുതുരാ ഒടിടിയിലേക്ക് പോകുമ്പോൾ തിയേറ്റർ ഉടമകൾ ധർമ്മസങ്കടത്തിലാകുന്നത്.

നാളിതുവരെ കൃത്യമായി പ്രൊജക്ടർ പ്രവർത്തിപ്പിച്ച് സീറ്റുകളെല്ലാം വൃത്തിയാക്കി തിയേറ്ററുകൾ സംരക്ഷിച്ചു പോന്ന ഒരു വലിയ പറ്റം സംരംഭകരെയും, കോടികൾ മുടക്കി നിർമ്മിച്ച് പ്രദർശനത്തിന് വേണ്ടി കാത്തിരിക്കുന്ന സിനിമാ നിർമ്മാതാവിന്റെ ന്യായങ്ങളും നമുക്ക് കാണാതിരിക്കാനാകില്ല.ഒപ്പം തന്നെ മാറുന്ന കാലത്തിനനുസരിച്ച സാങ്കേതിക വിദ്യയെയും തള്ളിക്കളയാനാകില്ല.ഇതെല്ലാം പരിഗണിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണ് കാര്യം. ആ മണ്ഡലത്തിലുള്ളവർ തന്നെയാണ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതും.