തിരുവനന്തപുരം: ഏതെങ്കിലും ഒരു പ്രൊഫഷണൽ രംഗത്ത് എത്തിയാൽ പിന്നീട് അവിടെ തന്നെ ഒതുങ്ങി കൂടുന്നതാണ് പൊതുവേ മലയാളികൾക്ക് ഇടയിലുള്ള പ്രവണത. ഇതിൽ നിന്ന് വ്യത്യസ്തമായി ചിലരുള്ളത് മലയാളം സിനിമാ രംഗത്താണ്. നിവിൻ പോളിയെയും ടൊവിനോ തോമസിനെയും പോലുള്ളവർ എൻജിനീയറിങ് എന്ന പ്രൊഫഷൻ ഉപേക്ഷിച്ചാണ് താരത്തിളക്കമുള്ള സിനിമാ രംഗത്തേക്ക് ചുവടു വെച്ചത്. സിനിമയിൽ എത്തിയതോടെ ഇവർ പഴയ ഫീൽഡിൽ നിന്നും തീർത്തും വഴിമാറി നടക്കുകയും ചെയ്തു. എന്നാൽ ചുരുക്കം ചിലർ ഒന്നിലേറെ മേഖലകൾ ഒരുമിച്ചു കൊണ്ടു പോകുന്നവരാണ്. ഇക്കൂട്ടത്തിലേക്ക് തന്റെ കസേര വലിച്ചിട്ടു ധൈര്യ സമേതം ഇരിക്കുകയാണ് ഒരു വനിത.

മിനി സ്‌ക്രീനിലും വെള്ളിത്തിരയിലും ഒരു പോലെ ശോഭിച്ച നടി സോണിയയാണ് അഭിഭാഷക എന്ന നിലയിലും കഴിവു തെളിയിച്ച് ഇപ്പോൾ മുൻസിഫ് മജിസ്‌ട്രേറ്റായിരിക്കുന്നത്. ടെലിവിഷൻ അവതാരകയായി മിനിസ്‌ക്രീനിൽ എത്തിയ സോണിയ അമ്പതോളം സീരിയലുകളിൽ അഭിനയിച്ച ശേഷമാണ് നിയമപഠന വിഴയിലേക്കും ചുവടു വെച്ചത്. കോട്ടിട്ട് അഭിഭാഷകയായി ശോഭിച്ച അവർ കഠിനാധ്വാനം കൊണ്ട് മുൻസിഫ് മജിസട്രേറ്റ് പരീക്ഷയും പാസായി. മറ്റു മേഖലകളിൽ നിന്നും സിനിമാ രംഗത്തേക്ക് നിരവധി പേർ ചുടവു വെക്കുമ്പോൾ തിളക്കമാർന്ന ആ മേഖലയിൽ നിന്നും നീതിന്യായ രംഗത്തേക്കാണ് സോണിയയുടെ ചുവടുമാറ്റം.

അഭിനയത്തിൽ നിന്ന് മറ്റ് ജോലി മേഖല തേടിപ്പോകുന്ന ചുരുക്കം പേരുടെ പട്ടികയിലാണ് ഇപ്പോൾ സോണിയ. അഭിനയവും പഠനവും ഒരുമിച്ചു കൊണ്ടുപോയ മിടുക്കാണ് അവരെ ഈ പദവിയിലേക്ക് എത്തിച്ചത്. കാര്യവട്ടം ക്യാമ്പസിലെ എൽഎൽ.എം. വിദ്യാർത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസിൽ പാസായ സോണിയ പിന്നീട് എൽഎൽബിയും എൽഎൽഎമ്മും പഠിച്ചു. തുടർന്ന് വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മുൻസിഫ് മജിസ്ട്രേറ്റായി നിയമനം.

അവതാരകയായി മിനിസ്‌ക്രീനിലെത്തിയ സോണിയ പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും ചേക്കേറുകയായിരുന്നു. അത്ഭുതദ്വീപിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളായി സോണിയ വേഷമിട്ടിട്ടുണ്ട്. മൈ ബോസിൽ മമ്തയുടെ സുഹൃത്തിന്റെ വേഷത്തിലും അഭിനയിച്ചു. 'ലോകനാഥൻ െഎഎഎസി'ൽ കലാഭവൻ മണിയുടെ സഹോദരി സാഹിറയായും അഭിനയിച്ചു. 'തമിഴിൽ 'വീരമും ഈറമും' എന്ന ചിത്രത്തിലും അഭിനിയിച്ചുണ്ട്.

പത്മരാജന്റെ 'വാടകയ്ക്ക് ഒരു ഹൃദയ'മാണ് സോണിയ അഭിനയിച്ച ആദ്യ സീരിയൽ. സിനിമയിൽ ജയഭാരതി അവതരിപ്പിച്ച കഥാപാത്രമായി സോണിയ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 'പാട്ടുകളുടെ പാട്ടി'ലെ രാഗരഞ്ജിനി, 'കുഞ്ഞാലിമരയ്ക്കാറി'ലെ കനകാംഗി, 'മംഗല്യപ്പട്ടി'ലെ നായിക, 'സത്യം ശിവം, സുന്ദര'ത്തിലെ ഗംഗാദേവി, പറയി പെറ്റ പന്തിരുകുലം', മാർത്താണ്ഡവർമ, 'മാസ്‌ക്ക്', ആദിപരാശക്തി, സ്വാമിയേ ശരണമയ്യപ്പാ, ദോവിമാഹാത്മ്യം ഇവയെല്ലാം സോണിയയുടെ അഭിനയത്തനിമ തെളിഞ്ഞുനിന്ന കഥാപാത്രങ്ങളും സീരിയലുകളുമാണ്.

ബിസിനസ്സുകാരനായ ഭർത്താവ് ബിനോയ് ഷാനൂർ കോൺഗ്രസ് നേതാവാണ്. ബിനോയ് സോണിയ ദമ്പതികൾക്ക് ഒരു മകളാണ് അൽ ഷെയ്ഖ പർവീൻ. അമ്മയെപോലെ മകളും കലാകാരിയാണ്. അമ്മ, ആർദ്രം, ബാലാമണി എന്നീ സീരിയലുകളിൽ ബാലതാരമായി ഷെയ്ഖ തിളങ്ങിയിട്ടുണ്ട്. സാധാരണയായി അതുവരെയുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സിനിമയിൽ ചുവടുറപ്പിക്കുന്നതിന് വിത്യസ്തമായി മറ്റ് ജോലികൾ സ്വീകരിക്കുന്ന ചുരുക്കം താരങ്ങളുടെ പട്ടികയിലേക്കാണ് സോണിയ എത്തുന്നത്. നീതിയുടെ പക്ഷത്തു നിന്നും പ്രവർത്തിക്കാൻ സോണിയക്ക് കഴിയട്ടെ എന്നാണ് സുഹൃത്തുക്കളും ആശംസിക്കുന്നത്.