തിരുവനന്തപുരം: ആപ്പിൾ കമ്പനിയുടെ സുരക്ഷവീഴ്‌ച്ച ചൂണ്ടിക്കാട്ടിയ മലയാളി ഐടി പ്രൊഫഷണലിന് സമ്മാനവുമായി ആപ്പിൾ കമ്പനി.ആപ്പിളിന്റെ ഓൺലൈൻ സംവിധാനമായ ഷാസം എന്ന ആപ്ലിക്കേഷനിലാണ് ഗുരുതല സുരക്ഷ വീഴ്‌ച്ച ഉണ്ടായത്.ഈ ആപ്ലിക്കേഷന്റെ അഡ്‌മിൻപാനലിൽ ആർക്കും കടന്നുകയറാം എന്നതായിരുന്നു വീഴ്‌ച്ച.ആപ്പിൾ ജീവനക്കാർക്ക് മാത്രം കടന്നുകയറാൻ പറ്റിയ ഡാഷ് ബോഡായിരുന്നു ഇത്. ഈ വീഴ്‌ച്ചയാണ് കഴക്കൂട്ടം സ്വദേശിയും യുഎസ്‌ടിയിലെ സെക്യൂരിറ്റി എഞ്ചിനിയറുമായ മൂഹമ്മദ് ഷൈൻ കണ്ടെത്തി കമ്പനിയെ ധരിപ്പിച്ചത്. ഇതോടെ മൂഹമ്മദ് ഷൈന് 3.6 ലക്ഷം രൂപ പാരിതോഷികവും കമ്പനി സമ്മാനിച്ചു.

ഗാനശകലം നോക്കി ഗാനം ഏതെന്ന് തിരിച്ചറിയാനും അവ വാങ്ങാനും ഉപഭോക്താക്കളെ സഹായിക്കുന്ന ആപ്പാണ് ഷാസം.2017 ലാണ് ഈ ആപ്പ് കമ്പനിയുടെ ഭാഗമാകുന്നത്.ഇക്കഴിഞ്ഞ നവംബറിലാണ് സുരക്ഷ വീഴ്‌ച്ച മൂഹമ്മദ് കമ്പനിയെ അറിയിക്കുന്നത്.ഡിസംബറിൽ പിഴവ് തിരുത്തുകയും സമ്മാനത്തുക പ്രഖ്യാപിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസമാണ് സമ്മാനത്തുകയായ 3.6 ലക്ഷം രൂപ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത്.ഇതിനു മുൻപ് ഗൂഗിൾ ഉൾപ്പെടയുള്ള കമ്പനികളുടെ സുരക്ഷ പിഴവ് പരിഹരിച്ചതിന് ഹാൾ ഓഫ് ഫെയിം അംഗീകാരവും ഷൈനെ തേടിയെത്തിയിട്ടുണ്ട്.ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം രണ്ട് കമ്പനികളിൽ ജോലി ചെയ്താണ് മൂഹമ്മദ് ഷൈൻ യുഎസ്‌ടിയിലെത്തിയത്.

എത്തിക്കൽ ഹാക്കർമാരുടെ കൂട്ടായ്മയായ ഡെഫ്‌കോണിന്റെ ഭാഗമാണ് ഷൈൻ.2020ൽ ഫേസ്‌ബുക്കിന്റെ ബൗണ്ടികോൺ എന്ന മത്സരത്തിലും വിജയിയായിരുന്നു.കഴക്കൂട്ടം കിഴക്കുംഭാഗത്ത് മൂഹമ്മദ് ഷാഫി നിഷയുടെയും സീനയുടെയും മകനാണ് മുഹമ്മദ് ഷൈൻ