തിരുവനന്തപുരം: കൊടുംമഴയത്ത് പഞ്ചായത്ത് മതിൽ ഇടിഞ്ഞ് വീണ് സമീപത്തുള്ള വീടുകൾ അപകടാവസ്ഥയിലായിട്ടും നടപടികളെടുക്കാതെ പഞ്ചായത്ത് അധികൃതർ. പരാതിയുമായി പഞ്ചായത്ത് ഓഫീസ്‌ കയറി ഇറങ്ങിയിട്ടും ഇടിഞ്ഞുവീണ മതിൽ പുനഃനിർമ്മിക്കാൻ മലയിൻകീഴ്‌ പഞ്ചായത്ത് ഭരണസമിതി തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

മലയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിന് പിന്നിൽ പഞ്ചായത്ത് കുളത്തിന് സമീപം താമസിക്കുന്ന നാല് വീട്ടുകാരാണ് ഓരോ നിമിഷവും ദുരന്തഭയത്തിൽ ജീവിക്കുന്നത്. കഴിഞ്ഞ 16-ാം തീയതിയിലെ കനത്ത മഴയിലാണ് പഞ്ചായത്ത് കുളത്തിനോട് ചേർന്നുള്ള മതിൽകെട്ട് അടിത്തറ അടക്കം ഇടിഞ്ഞുവീണത്. വെളുപ്പിന് നാലര മണിയോടെ കുളത്തിന്റെ മതിൽകെട്ടിനോട് ചേർന്നുള്ള ഒരു സെന്റിനുമേൽ കരഭാഗവും ഇതിനോടൊപ്പം കുളത്തിനടുത്തുള്ള വീടിന്റെ അടിത്തറ കെട്ടിയിരിക്കുന്ന ഭാഗവും ഇടിഞ്ഞ് കുളത്തിലേയ്ക്ക് വീണിട്ടുണ്ട്. ഇനിയൊരു മഴ കൂടി പെയ്താൽ ആ വീട് പൂർണമായും കുളത്തിലേയ്ക്ക് പതിക്കുമെന്ന അവസ്ഥയിലാണ്. സമീപത്തുള്ള മൂന്ന് വീടുകളും അപകടാവസ്ഥയിലാണ്. അവ ഇടിഞ്ഞുവീണാൽ താഴെയുള്ള വീടിന് അതും ഭീഷണിയാണ്.

ഇത് സംബന്ധിച്ച് പഞ്ചായത്ത് മെമ്പറെയും പഞ്ചായത്ത് പ്രസിഡന്റിനേയും നിരവധിതവണ നേരിട്ട് കണ്ട് പരാതി പറഞ്ഞതായും എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും വീട്ടുടമ മനോജ് പറയുന്നു. വീടിന് മുകൾഭാഗത്തെ മൂന്ന് വീടുകളും ഭീഷണിയിലാണ്. ഭയം കാരണം രാത്രി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും മനോജ് കൂട്ടിച്ചേർത്തു. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ സിപിഎം മെമ്പറുടെ വാർഡിലാണ് ഈ ദുരവസ്ഥ.

അതേസമയം വില്ലേജ് ഓഫീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇനി ഓവർസീയർ വന്ന് എസ്റ്റിമേറ്റ് എടുക്കേണ്ടതുണ്ടെന്നും വാർഡ് മെമ്പർ ഷാജി മറുനാടനോട് പറഞ്ഞു. പഞ്ചായത്തിലെ നടപടിക്രമങ്ങൾ കഴിഞ്ഞ് വരുമ്പോൾ സമയമെടുക്കുമെന്നും അടിയന്തര സാഹചര്യമാണെങ്കിൽ അവർക്ക് തന്നെ അത് കെട്ടാമെന്ന് പറഞ്ഞിരുന്നതായും ഷാജി കൂട്ടിച്ചേർത്തു. പഞ്ചായത്ത് സെക്രട്ടറിയോട് വിഷയം അവതരിപ്പിച്ചിട്ടുണ്ട്. മഴയത്ത് ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം ചെയ്യുന്നതിന് പഞ്ചായത്തിന് ഫണ്ടില്ലെന്നുമാണ് മെമ്പറുടെ വാദം.

നിരവധി നാശനഷ്ടങ്ങളാണ് കഴിഞ്ഞ മഴയത്ത് ഈ പ്രദേശത്ത് ഉണ്ടായിട്ടുള്ളത്. നിരവധി വീടുകൾക്കും മറ്റ് നിർമ്മാണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തോടുകളുടെയും കുളങ്ങളുടെയും പാർശ്വഭിത്തികളും ചിലയിടങ്ങളിൽ തകർന്നിട്ടുണ്ട്. എന്നാൽ സമയബന്ധിതമായി പുനഃനിർമ്മാണം നടത്തുന്നതിന് പഞ്ചായത്ത് വേണ്ടവിധം ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാണ്.