കണ്ണൂർ: സംസ്ഥാന കോൺ​ഗ്രസിൽ പുരുഷാധിപത്യമെന്ന് തുറന്ന് പറഞ്ഞ് എഐസിസി വക്താവ് ഷമ മുഹമ്മദ്. പാർട്ടിയിലെ പുരുഷ മേധാവിത്വത്തിന്റെ ഇരയാണ് താനെന്നും എന്നാൽ, ഇപ്പോൾ സ്ഥിതി​ഗതികൾ മാറിവരുന്നുണ്ടെന്നും അവർ വ്യക്തമാക്കി. തനിക്ക് കേരളത്തിലെ നേതൃത്വം അർഹമായ പരി​ഗണന നൽകുന്നില്ലെന്നും അത് താൻ വനിതയായതിനാലാണെന്നുമാണ് ഷമ മുഹമ്മദ് പറയുന്നത്. മാതൃഭൂമി ന്യൂസിനോടായിരുന്നു ഷമയുടെ പ്രതികരണം.

'ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. യുപിയിലും രാജസ്ഥാനിലുമെല്ലാം മുമ്പിലിരിക്കും സ്ത്രീകൾ. കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയുടെ പരിപാടിയിൽ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങൾക്ക് കാണാനാകുമോ', ഷമ ചോദിച്ചു. 'ഞാനാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ദേശീയ വക്താവ്. ആദ്യമായാണ് ഒരു സ്ത്രീ ആകുന്നത്. പക്ഷെ പുരുഷനായിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കിൽ സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമായിരിക്കും. എഐസിസി വരുന്നുണ്ടെന്ന് പറയും. പക്ഷെ ഇവിടെ അവർക്ക് ഞാൻ എഐസിസിക്കാരിയൊന്നുമില്ല. ഒരു സാധാരണക്കാരി മാത്രം'.

കേരളത്തിലെ പാർട്ടി പരിപാടികളിൽ മുൻ നിരയിൽ ഇരിക്കാൻ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ്. അതേ സമയം ഇത്തരം നിലപാടുകളിൽ മാറ്റം വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 'ഇപ്പോൾ മാറ്റമുണ്ട്. മുതിർന്ന നേതാക്കളുടെ നല്ല പിന്തുണയുണ്ട്. പക്ഷെ സംവരണം നടപ്പിലാക്കണം. കേന്ദ്രസർക്കാരിന് നിയമം പാസ്സാക്കാം. എന്നാൽ മോദിസർക്കാർ അത് ചെയ്യുന്നില്ല. 33 ശതമാനം വനിതാ സംവരണം വേണമെന്നതാണ് കോൺഗ്രസ്സ് നയം. കോൺഗ്രസ്സിന് വേണമെങ്കിൽ അത് പാർട്ടിക്കുള്ളിൽ നടപ്പിലാക്കാം', ഷമ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരളത്തിലെ രാഷ്ട്രീയത്തിൽ വനിതകൾക്കില്ലെന്നും ഷമ കൂട്ടിച്ചേർത്തു.

അതേസമയം, ഷമ മുഹമ്മദ് കണ്ണൂരിൽ മത്സരിച്ചേക്കുമെന്ന സൂചനകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമ്മടത്ത് മത്സരിക്കുന്നത് ഷമ മുഹമ്മദായിരിക്കുമെന്ന രീതിയിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. മാഹി സ്വദേശിയാണ് ഷമ മുഹമ്മദ്. മാധ്യമപ്രവർത്തക, ദന്തഡോക്ടർ എന്നീ നിലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അവർ. ദീർഘകാലം സീ ന്യൂസിൽ മാധ്യമപ്രവർത്തകയായിരുന്നു അവർ. മാഹിയിലെ കല്ലാപുതിയ വീട്ടിൽ ജനിച്ച അവർ കുവൈത്തിലായിരുന്ന വളർന്നത്. കണ്ണൂരിലെ താണ സ്വദേശിയാണ് പിതാവ്. മാതാവ് മാഹി സ്വദേശിയും. കുവൈത്ത് യുദ്ധകാലത്താണ് ഷമയുടെ കുടുംബം ഇന്ത്യയിലേക്ക് മടങ്ങിയത്.

കോഴിക്കോട് പ്രോവിഡൻസ് കോളേജ്, കണ്ണൂർ എസ്.എൻ. കോളേജിൽ എന്നിവി‍ടങ്ങളിൽ പഠിച്ചിട്ടുള്ള ഷമ മംഗലാപുരം യെനപ്പോയ ഡെന്റൽ കോളേജിൽനിന്നാണ് ബി.ഡി.എസ് ബിരുദം സ്വന്തമാക്കുന്നത്. ഇതിന് ശേഷം കണ്ണൂർ, ഡൽഹി, ദുബായ് എന്നിവിടങ്ങളിൽ ദന്തഡോക്ടറായി ജോലി ചെയ്തു. പിന്നീടായിരുന്നു മാധ്യമ രംഗത്തേക്കുള്ള കടന്നുവരവ്. സീ ന്യൂസിൽ മാധ്യമപ്രവർത്തകയായി ജോലി നോക്കുകയും പിന്നീട് ആശാനിവാസ് എന്ന സാമൂഹികസന്നദ്ധ സംഘടനയിലും പ്രവർത്തിച്ചു. അനാഥരായി നഗരത്തിലെത്തുന്ന പെൺകുട്ടികളുടെ അഭയകേന്ദ്രമായിരുന്നു ആശാനിവാസ്. നിലവിൽ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം പുണെയിലെ കൊറെഗാവ് പാർക്കിലാണ് താമസം. ഇറ്റാലിയൻ സ്വദേശിയും മാർക്കറ്റിങ് വിദഗ്ദ്ധനുമായ സ്റ്റഫാനോ പെല്ലെയാണ് ഡോ. ഷമ മുഹമ്മദിന്റെ ഭർത്താവ്.

2018 ഡിസംബർ 31 ന് കോൺഗ്രസ് അധ്യക്ഷൻ പുതിയ 10 അംഗ പുതിയ കോൺഗ്രസ് വക്താക്കളുടെ പട്ടിക തയ്യാറാക്കിയത്. ഇതിലാണ് ഡോ. ഷമ മുഹമ്മദും ഉൾപ്പെട്ടത്. സാമൂഹിക മാധ്യമങ്ങളിലെ കാര്യക്ഷമായ ഇടപെടലുകളായിരുന്നു മലയാളിയായ ഡോ. ഷമ മുഹമ്മദിന് പാർട്ടി ദേശീയ തലത്തിലേക്കുള്ള വാതിൽ തുറന്നത്. മുസ്ലിം പാരമ്പര്യം പിന്തുടരുകയും ഹിന്ദു സംസ്കാരത്തെ സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തി എന്ന മത നിരപേക്ഷ നിലപാടുകളായിരുന്നു ഷമയ്ക്ക് നിർണായകമായത്. ഇതിന് പിറകെയാണ് എഐസിസി ദേശീയ വക്താവ് സ്ഥാനത്തേക്ക് എത്തുന്നത്.