ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയെന്ന ആരോപണവുമായി ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. കോൺഗ്രസിനെ എതിർക്കാൻ മമതാ ബാനർജി ബിജെപിയെ സഹായിക്കുകയാണെന്ന് ചൗധരി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

കോൺഗ്രസിനെ എതിർക്കാൻ വേണ്ടി മമതാ ബാനർജി ബിജെപിയെ സഹായിക്കുകയാണ്. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയായി പ്രവർത്തിക്കുകയാണെന്ന് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഓഗസ്റ്റിൽ വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മമതാ ബാനർജിയും പങ്കെടുത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ മമതയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ഇതിലൂടെ വ്യക്തമാകുന്നത്, പ്രതിപക്ഷ പാർട്ടികൾ ശക്തിയാർജ്ജിക്കുന്നത് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നില്ല എന്നാണ്. ഡൽഹി നിങ്ങളുടേതും കൊൽക്കത്ത ഞങ്ങളുടേതും എന്നത് ഇരുവരും തമ്മിൽ ധാരണ ഉണ്ടാക്കി എന്നാണ് തോന്നുന്നത്. അങ്ങനെ അല്ലെങ്കിൽ അവർ കോൺഗ്രസിനെ പറ്റി അനാവശ്യമായ കാര്യങ്ങൾ പറയില്ലായിരുന്നു എന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.