കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും അതിനാൽ സംസ്ഥാനത്ത് എത്രയും വേഗം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും മുഖ്യമന്ത്രി മമത ബാനർജി.

ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും എത്രയും വേഗം തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കണമെന്നും അവർ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്നും കോവിഡ് വ്യാപനത്തിന്റെ പേരിൽ അത് തടയരുതെന്നും മമത ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തകർത്ത് മികച്ച ഭൂരിപക്ഷത്തോടെയാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതെങ്കിലും നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് അവർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നത്.