കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് രാഷ്ട്രീയമായി അത്ര നല്ലകാലമല്ല. പാർട്ടിയിലെ പ്രമുഖർ ഉൾപ്പെടെ ബിജെപിയിലേക്ക് ഒഴുകുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ, കുറച്ച് നേതാക്കൾ പാർട്ടി വിട്ടതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന നിലപാടാണ് മമത ബാനർജി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമാകുന്നതിനിടയിലും ദീദി കൂളാണ് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വിവാഹാഘോഷത്തിൽ പ​​ങ്കെടുത്ത്​ നൃത്തം വെക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്.

അലിപുർദ്വാറിൽ നടന്ന സമൂഹ വിവാഹാഘോഷത്തിലാണ്​ മമത ആദിവാസി നർത്തക സംഘത്തിനൊപ്പം ചുവടു വെച്ചത്​. ഡ്രമ്മി​ന്റെ താളത്തിനൊപ്പം കൈകൾ കോർത്ത്​ പിടിച്ച്​ പ്രത്യേക തരത്തിൽ ചുവടുകൾ വെക്കുന്ന മാസ്​ക്​ ധാരികളായ വനിതകൾക്കൊപ്പമായിരുന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രിയും കൈകോർത്തത്​. മാസ്​ക്​ ധരിച്ച് വെളുത്ത സാരിക്കു മുകളിൽ പച്ച ഷാൾ പുതച്ച്​​ വളരെ സന്തോഷപൂർവം മമത നൃത്തം ചെയ്യുന്ന ദൃശ്യം ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടു.

ഏതാനും സമയം വൃത്തത്തിൽ ചുവടുവെച്ചു നീങ്ങിയ ശേഷം മമത നൃത്ത സംഘത്തിൽ നിന്ന്​ വിട വാങ്ങി മറ്റൊരു നൃത്ത സംഘത്തിനരികിലെത്തുന്നതാണ്​ ദൃശ്യത്തിലുള്ളത്​.ഇത്​ ആദ്യമായല്ല മമത നൃത്ത സംഘങ്ങൾക്കൊപ്പം ചുവടുവെക്കുന്നത്​. കഴിഞ്ഞ വർഷം മാൽഡ ജില്ലയിൽ നടന്ന മറ്റൊരു സമൂഹ വിവാഹാഘോഷത്തിനിടയിലും മമത ബാനർജി ആദിവാസി സംഗീതത്തി​ന്​ നൃത്ത സംഘത്തിനൊപ്പം ചുവടു വെച്ചിരുന്നു. കൊൽക്കത്തയിൽ നടന്ന ഒരു സർക്കാർ പരിപാടിക്കിടയിൽ ആദിവാസി സംഗീതജ്ഞൻ ബസന്തി ഹെ​മ്പ്രാമിനൊപ്പവും മമത നൃത്തം വെച്ചിരുന്നു.

ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള വടംവലിക്കിടെ ദീദിക്ക് തലവേദന കൂട്ടി കൊഴിഞ്ഞുപോക്ക് തുടരുകയാണ്. അഞ്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച ഡൽഹിക്ക് പറന്നു. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാളിൽ ഏപ്രിൽ-മെയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രമുഖ നേതാക്കൾ തൃണമൂൽ വിടുന്നത്. അഞ്ച് നേതാക്കളും ബിജെപിയിൽ ചേർന്നതായി പാർട്ടിയുടെ ബംഗാളിലെ പോരാളികൾ മുകുൽ റോയിയും, കൈലാസ് വിജയവർഗീയയും പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവച്ച ബംഗാളിലെ മുൻ വനം വകുപ്പ് മന്ത്രി രാജിബ് ബാനർജി, ബാലിയിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംഎൽഎ ബൈശാലി ദാൽമിയ, ഉത്തർപാറ എംഎൽഎ പ്രഭിർ ഘോഷാൽ, ഹൗറ മേയർ രതിൻ ചക്രബർത്തി, മുൻ എംഎൽഎ പാർത്ഥ സാരതി ചാറ്റർജി എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

ബീഹാറിന് ശേഷം ബിജെപിയുടെ സുപ്രധാന ദൗത്യം പശ്ചിമ ബംഗാൾ പിടിച്ചെടുക്കുകയാണ്. അദ്ധ്യക്ഷനായിരുന്ന കാലം മുതൽ ഈ നീക്കത്തിന് തുടക്കമിട്ട അമിത്ഷാ തന്നെ ബംഗാളിലെ പ്രവർത്തനത്തിനുള്ള ചുക്കാൻ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്.. നിലവിലെ പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയ്ക്ക് പകരം് അമിത്ഷാ ദൗത്യം ചുമലിലേറ്റിയിരിക്കുകയാണ്. പത്തു വർഷം മുമ്പ് സിപിഎമ്മിനെ മറിച്ച് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബംഗാൾ ഭരണം പിടിച്ചെടുത്തതിന് സമാനമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പരമാവധി തൃണമൂൽ നേതാക്കളെ അടർത്തിയെടുക്കുക എന്നതാണ് തന്ത്രമെന്ന് ബിജെപി പരസ്യമായി പ്രക്യാപിച്ചിട്ടുണ്ട്. ഇതോടെ പോരാട്ടം കടുക്കുകയാണ്. കഴിഞ്ഞ മാസം മമത ബാനർജിയുടെ ദീർഘകാല സഹപ്രവർത്തകനും വിശ്വസ്തനുമായ സുവേന്ദു അധികാരിയെ ബിജെപി അടർത്തിയെടുത്തിരുന്നു. അതേസമയം വെള്ളിയാഴ്ച യോഗം ചേർന്ന തൃണമൂൽ, ഈ പുറത്തുപോകലുകൾക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും, പ്രചാരണത്തിൽ ശ്രദ്ധിക്കാനുമാണ് തീരുമാനിച്ചത്. പുറത്തുപോകുന്നവരെ പഴിക്കാനോ, പുലഭ്യം പറയാനോ മെനക്കെടരുതെന്നാണ് താഴേത്തട്ടിലുള്ള നേതാക്കൾക്ക് മുകളിൽ നിന്നുള്ള ഉത്തരവ്. അതിന്റെ പ്രത്യാഘാതത്തിൽ വോട്ടർമാർ എതിരാകുമെന്ന ആശങ്കയിലാണ് ഈ തീരുമാനം.