കൊൽക്കത്ത: എന്ത് വില കൊടുത്തും ബം​ഗാൾ പിടിക്കാൻ ബിജെപിയും അധികാരം നിലനിർത്താൻ മമത ബാനർജിയും പരിശ്രമിക്കുന്ന കാഴ്‌ച്ചയാണ് പശ്ചിമ ബം​ഗാൾ രാഷ്ട്രീയത്തിൽ കാണാനാകുന്നത്. എംഎൽഎമാർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയത് തൃണമൂൽ കോൺ​ഗ്രസിന് തിരിച്ചടിയായി എങ്കിലും ശക്തമായ നിലപാടുകളുമായി മമത ബാനർജി രം​ഗത്തുണ്ട്. ഇപ്പോഴിതാ, ബിജെപിയിൽ ചേക്കേറിയ സുവേന്ദു അധികാരിയെ നേരിടാൻ നന്ദി​ഗ്രാമിൽ താൻ തന്നെ സ്ഥാനാർത്ഥിയാകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനർജി.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ, കഴിഞ്ഞ തവണ സുവേന്ദു അധികാരി വിജയിച്ച നന്ദിഗ്രാമിൽ മൽസരിക്കുമെന്ന് തൃണമൂൽ അധ്യക്ഷയും പശ്ചിമ ബംഗാൾ അധ്യക്ഷയുമായ മമത ബാനർജി പ്രഖ്യാപിച്ചു. നന്ദിഗ്രാമിൽ താൻ മൽസരിക്കും. നന്ദിഗ്രാം തന്റെ ഭാഗ്യദേശമാണ്. നന്ദിഗ്രാമിൽ നടത്തിയ പൊതുയോഗത്തിൽ മമത ബാനർജി പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ ഭവാനിപൂർ മണ്ഡലത്തിലും മമത മൽസരിക്കുമെന്നാണ് റിപ്പോർട്ട്.

നന്ദിഗ്രാമിലെ കർഷക പ്രക്ഷോഭമാണ് ഇടതു സർക്കാരിനെ വീഴ്‌ത്തി പശ്ചിമബംഗാളിൽ അധികാരം നേടാൻ തൃണമൂൽ കോൺഗ്രസിനെ സഹായിച്ചത്. 2007 ൽ ബുദ്ധദേബ് ഭട്ടാചാര്യ സർക്കാർ നന്ദിഗ്രാമിൽ പ്രത്യേക സാമ്പത്തിക മേഖല ആരംഭിക്കാൻ തീരുമാനിച്ചതിനെതിരെ നടന്ന പ്രക്ഷോഭത്തിൽ 14 പേരാണ് മരിച്ചത്. സിപിഎമ്മിന്റെ കോട്ടകളായിരുന്ന ഗ്രാമങ്ങളിൽ അവരുടെ നേതാക്കൾ കിരീടമില്ലാത്ത രാജാക്കന്മാരായി വാണിരുന്നപ്പോൾ ചോരപ്പുഴകൾ നീന്തിക്കയറി തൃണമൂലിന്റെ കൊടി പാറിച്ച നായകനാണ് സുവേന്ദു. 2007ലെ നന്ദിഗ്രാം സമരത്തിന്റെ സൂത്രധാരൻ. ഈ സമരത്തിൽനിന്നായിരുന്നു സത്യത്തിൽ മമതാ ബാനർജിയുടെ പടയോട്ടം തുടങ്ങുന്നത്. പാർട്ടിയിൽ മമത കഴിഞ്ഞാൽ രണ്ടാമനും അദ്ദേഹമായിരുന്നു.

ഈ സമരത്തിന് നായകത്വം വഹിച്ച സുവേന്ദു അധികാരി തൃണമൂലിന്റെ നേതൃനിരയിലെത്തുകയായിരുന്നു. എന്നാൽ സമീപകാലത്ത് തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞ സുവേന്ദു ബിജെപിയിൽ ചേക്കേറുകയായിരുന്നു. പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള സുവേന്ദുവിന് പിന്നാലെ നിരവധി പേർ പാർട്ടി വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നന്ദിഗ്രാമിൽ മൽസരിക്കുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസമാണ് നടിയും എംപിയുമായ ശതാബ്ദി റോയിയെ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പാർട്ടിയുടെ ഉന്നതാധികാരസമിതിയാണ് ശതാബ്ദിയെ തെരഞ്ഞെടുത്തത്. ബിജെപിയിലേക്ക് പോകും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് മൂന്ന് തവണ എംപിയായ ശതാബ്ദി റോയിയെ പാർട്ടിയുടെ പ്രധാനപ്പെട്ട ചുമതലയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

പാർട്ടിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്നും വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ശതാബ്ദി റോയ് പറഞ്ഞു. തന്റെ നിയോജകമണ്ഡലത്തിലെ പാർട്ടി പരിപാടികളിലേക്ക് ക്ഷണിക്കപ്പെടാത്തതിൽ മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടെന്ന് റോയ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. ശനിയാഴ്ച ഡൽഹിയിലെത്തി അമിത് ഷായെ കാണുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റുകയായിരുന്നു.

‘ഞാൻ നാളെ ഡൽഹിക്ക് പോകുന്നില്ല. ഞാൻ തൃണമൂലിനൊപ്പമായിരുന്നു. ഇനിയും തൃണമൂലിനൊപ്പമായിരിക്കുകയും ചെയ്യും,' ശതാബ്ദി റോയ് വെള്ളിയാഴ്‌ച്ച പറഞ്ഞിരുന്നു. അഭിഷേക് ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയെന്നും തന്റെ പ്രശ്‌നങ്ങൾ എല്ലാം അഭിഷേകിനോട് ഉന്നയിച്ചെന്നും അവർ പറഞ്ഞു. ഡയമണ്ട് ഹാർബർ എംപി അഭിഷേക് ബാനർജിയുമായി നടത്തിയ ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് അവർ പാർട്ടിയിൽ തുടരുമെന്ന് അറിയിക്കുകയായിരുന്നു. 'താൻ തൃണമൂലിന് ഒപ്പമാണ്. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ അഭിഷേക് ബാനർജി പരിഹരിച്ചു കഴിഞ്ഞു. തന്റെ ആത്മാഭിമാനം വീണ്ടെടുക്കാനായി. മമത ബാനർജിക്കു വേണ്ടിയാണ് താൻ രാഷ്ട്രീയത്തിൽ എത്തിയത്. അവർക്കൊപ്പം തുടരുമെന്നായിരുന്നു ശതാബ്ദിയുടെ വാക്കുകൾ.

ബംഗാൾ മന്ത്രി ജ്യോതിക് മാലിക്കിനെ വെല്ലുവിളിച്ച് കൊണ്ട് 50ഓളം തൃണമൂൽ എംഎൽഎമാർ അടുത്ത മാസം ബിജെപിയിൽ ചേരുമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമാക്കി ശതാബ്ദി റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പാർട്ടിയിൽ കൂടിയാലോചനകളില്ലെന്നും പല പൊതുപരിപാടികളിൽ നിന്നും തന്നെ ബോധപൂർവ്വം മാറ്റിനിർത്തുന്നുവെന്നും ഏറെ മാനസിക പ്രയാസം അനുഭവിക്കുന്നെന്നുമായിരുന്നു ശതാബ്ദി പറഞ്ഞത്.

തനിക്ക് ബീർഭൂം മണ്ഡലവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. എന്നാൽ അടുത്തിടെ എല്ലാവരും ചോദിക്കുന്നു എന്തുകൊണ്ടാണ് പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്തതെന്ന് ? പലപരിടികളിലും പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. തന്റെ മണ്ഡലത്തിൽ നടക്കുന്ന പാർട്ടി പരിപാടികൾ പോലും താൻ അറിയുന്നില്ല. പിന്നെ എങ്ങനെയാണ് പങ്കെടുക്കാൻ കഴിയുക എന്നായിരുന്നു ശതാബ്ദി സോഷ്യൽമീഡിയയിൽ എഴുതിയത്.