തിരുവനന്തപുരം: ലത്തീൻ സഭയും കൂടുതൽ കുട്ടികൾക്കായി രംഗത്ത്. വലിയ കുടുംബങ്ങൾക്ക് വിവിധ സഭാവിഭാഗങ്ങൾ നൽകിയ പ്രോത്സാഹനം ലത്തീൻ സഭയും തുടരും.

കുടുംബങ്ങളിൽ കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോത്സാഹനവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ പ്രഖ്യാപനം ഇതുവരെ വന്ന എല്ലാ പ്രഖ്യാപനങ്ങളേയും മറികടക്കുന്നതാണ്. അതിരൂപതയ്ക്ക് കീഴിലുള്ള കുടുംബങ്ങളിലെ നാലാമത്തെ കുട്ടിക്ക് ഇനി മുതൽ ബിഷപ്പുമാർ നേരിട്ട് മാമോദീസാ ചടങ്ങ് നടത്തും.

കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികൾക്ക് ലത്തീൻ അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യമോ സഹായ മെത്രാൻ ഡോ. ആർ ക്രിസ്തുദാസോ പ്രാരംഭ കൂദാശ നൽകുമെന്നും സഭ അറിയിച്ചു. ഇതിന് തുടക്കമായി ഓഗസ്റ്റ് 23 ന് വെള്ളയമ്പലം സെന്റ് തെരേസാസ് പള്ളിയിൽ ബിഷപ്പ് ഡോ. ആർ ക്രിസ്തുദാസ് തെരഞ്ഞെടുത്ത, ഈ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് മാമോദീസ നടത്തുമെന്നും അതിരൂപത വ്യക്തമാക്കി.

2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതൽ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നൽകുമെന്ന് കത്തോലിക്കാ സഭ പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെ എതിർത്ത് പലരും രംഗത്തു വന്നു. എന്നാൽ നിലപാട് മാറ്റാൻ സഭ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ലത്തീൻ സഭയും കൂടുതൽ കുട്ടികളിലൂടെ കുടുംബ വികസനത്തിന് എത്തുന്നത്.

കുടുംബത്തിൽ നാലാമതായും പിന്നീടും ജനിക്കുന്ന കുട്ടികൾക്ക് പാലയിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സ്‌കോളർഷിപ്പോടെ വിദ്യാഭ്യാസം സൗജന്യമായി നൽകുന്നതടക്കമായിരുന്നു കത്തോലിക്കാ സഭയ്ക്ക് കീഴിലെ പാലാ രൂപതയുടെ പ്രഖ്യാപനം. അതിന് ശേഷം പല രൂപതകളും സമാന പദ്ധതിയുമായി എത്തി.

നാല് മുതലുള്ള കുട്ടികളുടെ പ്രസവ ചെലവും മറ്റ് സൗകര്യങ്ങളും പാലായിലെ മാർ സ്ലീവ മെഡിസിറ്റി സൗജന്യമായി നൽകുമെന്നുമാണ് പാലാ രൂപത പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ കൂടുതൽ കുട്ടികളുള്ളവർക്ക്  സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും രംഗത്തെത്തിയിരുന്നു.

സിറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപതയാണ് കൂടുതൽ കുട്ടികളുള്ളവർക്ക്  സഹായം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ലത്തീൻ സഭയുടെ മാമോദിസാ ഓഫർ.