പാലക്കാട്: പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് പൊലീസിനെതിരെ ഫേസ്‌ബുക്ക് ലൈവിട്ടതോടെ അനുമോന് കിട്ടിയത് എട്ടിന്റെ പണി. പൊലീസിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന് കേരള പൊലീസ് ആക്റ്റ് 120 (ഒ) വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ കേസെടുത്ത് അനുമോനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. ഒരുവർഷം തടവോ 5000 രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ കിട്ടാവുന്ന വകുപ്പു പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞമാസം 28നാണ് സംഭവങ്ങളുടെ തുടക്കം. മാന്നനൂർ സ്വദേശിനിയായ സുലോചന(65) സ്‌റ്റേഷനിൽ ഒരു പരാതിയുമായി എത്തി. എന്നാൽ, പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയാത്ത വിഷയമായതിനാൽ കോടതി മുഖേന പരിഹാരം കാണുന്നതിനായി പരാതിക്കാരിയെ നിർദ്ദേശിച്ചയക്കുകയാണ് ചെയ്തത്. അതിനുശേഷം 30ാം തിയതി രാവിലെ അനുമോൻ പരാതിക്കാരിയെയും മകളെയും കൊച്ചുകുട്ടികളെയും കൂട്ടി സ്‌റ്റേഷനിലെത്തി പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചു.

പൊലീസ് രേഖാമൂലം നൽകിയ മറുപടിയിൽ തൃപ്തനാവാതെ സ്‌റ്റേഷനിൽ നിന്നും ഇറങ്ങി. ഇതിന് ശേഷമാണ് ഇയാൾ സ്റ്റേഷന് മുന്നിൽ നിന്നും പൊലീസിനെതിരെ ഫേസ്‌ബുക്കിൽ ലൈവ് ചെയ്യുന്നത്. ജനങ്ങൾക്കിടയിൽ സഹതാപതരംഗം സൃഷ്ടിക്കുന്നതിനും പൊലീസ് വിരുദ്ധ വികാരം ജനിപ്പിക്കുന്നതിനുമായി പൊലീസ് സേനാംഗങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ലൈവ് വീഡിയോ പരാതിക്കാരിയെയും ഉൾപ്പെടുത്തി സ്‌റ്റേഷൻ കോമ്പൗണ്ടിൽ വെച്ചുതന്നെ ചിത്രീകരിച്ച് ഫെയ്‌സ് ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

ഇതോടെ പൊലീസും വെറുതെയിരുന്നില്ല. പൊലീസിനെതിരെ ഫേ‌സ് ബുക്ക് വഴി വ്യാജപ്രചാരണം നടത്തിയതിന് കേരള പൊലീസ് ആക്റ്റ് 120 (ഒ) വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ കേസെടുത്ത് അനുമോനെ അറസ്റ്റ് ചെയ്തു. ഒരുവർഷം തടവോ 5000 രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ കിട്ടാവുന്ന വകുപ്പു പ്രകാരമാണ് കേസെന്ന് ഒറ്റപ്പാലം ഇൻസ്‌പെക്ടർ എം സുജിത്ത് പറഞ്ഞു. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിച്ച് സമൂഹമധ്യത്തിൽ ആളാകാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ താക്കീതാണ് ഒറ്റപ്പാലം പൊലീസിന്റെ നടപടി.