കോഴിക്കോട്: കോഴിക്കോട് ഏഴ് ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. കൊടുവള്ളി ആവിലോറ കിഴക്കേനച്ചിപൊയിൽ മനാസ് എന്ന മജീദി(51) നെയാണ് കുഴൽപണവുമായി താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റൂറൽ എസ്‌പി ഡോ. എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് താമരശേരി ഡിവൈഎസ്‌പി എൻ സി സന്തോഷ്, ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫ, എസ്‌ഐ മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

കൊടുവള്ളിയിൽ നിന്നും അടിവാരം, താമരശേരി പ്രദേശങ്ങളിൽ നൽകാനായി പോവുകയായിരുന്ന മജീദിനെ ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചുങ്കം പെട്രോൾ ബങ്കിന് അടുത്ത് വച്ചാണ് പിടികൂടിയത്. മുൻപ് ഇയാളുടെ കൈയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തിരുന്നതായും പൊലീസ് പറഞ്ഞു. സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, വികെ സുരേഷ്, സിഎച്ച് ഗംഗാധരൻ, സിപിഒമാരായ ഷാജി, സജേഷ്, ലിനീഷ്, ഷൈജൽ തുടങ്ങിയ പൊലീസുകാരും സംഘത്തിലുണ്ടായിരുന്നു.