ന്യൂഡൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന സിംഘു അതിർത്തിയിൽ വീണ്ടും ആക്രമണം. ഒരാൾക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നിഹാംഗ് വിഭാഗത്തിൽപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്തു.

കോഴിയെ നൽകിയില്ലെന്ന് പറഞ്ഞാണ് തന്നെ മർദിച്ചതെന്ന് പരുക്കേറ്റ മനോജ് പസ്വാൻ പറഞ്ഞു. കോഴിഫാമിൽനിന്ന് വണ്ടിയിൽ കോഴികളെ കൊണ്ടുപോകുന്നതിനിടെ തടഞ്ഞുനിർത്തുകയായിരുന്നു. കോഴിയെ നൽകാനാവില്ലെന്ന് പറഞ്ഞപ്പോൾ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് മനോജ് പറഞ്ഞു.

ദിവസങ്ങൾക്കു മുമ്പ് ഇതേ സ്ഥലത്ത് ഒരു യുവാവിനെ നിഹാംഗുകൾ അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു. സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബിനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് നിംഹാഗുകൾ യുവാവിനെ കൊന്ന് പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയത്.

പ്രക്ഷോഭം നടത്തുന്ന സംഘടനകൾക്ക് സംഭവവുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയിൽ വീണ്ടും ഒരാൾ ആക്രമണത്തിന് ഇരയായത്. കർഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നാണ് കർഷക സംഘടനാ നേതാക്കൾ ആരോപിക്കുന്നത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ, നിഹാംഗ് നേതാവിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നത് വിവാദമായിരുന്നു. കൊലയ്ക്കു പിന്നിൽ കേന്ദ്ര ഏജൻസികളാണെന്നും സംഘടനകൾ ആരോപിച്ചിരുന്നു.