കുളത്തൂപ്പുഴ: അവശനായതിനെത്തുടർന്നു കെഎസ്ആർടിസി ബസിൽ കിടക്കുമ്പോൾ കണ്ടക്ടറുടെ മർദനമേറ്റതായി പരാതിപ്പെട്ട കരൾരോഗ ബാധിതൻ ആത്മഹത്യയ്ക്കു ശ്രമിച്ചു ഗുരുതരാവസ്ഥയിൽ. ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തിൽ എസ്.അനിയെ (ഷൈജു46) ആണു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരത്തു ചികിത്സ തേടിയ ശേഷം പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്കു സഹോദരനുമായി വരുമ്പോൾ കഴിഞ്ഞ 24നു വെമ്പായത്തു വച്ചാണ് മർദനമേറ്റത്. അവശനിലയിലായിരുന്ന അനി ബസിന്റെ സീറ്റിൽ കിടന്നുറങ്ങിയതായിരുന്നു. മദ്യപനെന്നു കരുതി ചോദ്യം ചെയ്ത കണ്ടക്ടറോടു രോഗിയാണെന്നു തെളിവു കാട്ടി പറഞ്ഞിട്ടും മോശമായി പെരുമാറി മർദിച്ചെന്ന് അനി പരാതിപ്പെട്ടു. സ്ഥലത്തെത്തിയ വെമ്പായം പൊലീസ് ആദ്യം 200 രൂപ പെറ്റി നൽകിയെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടതോടെ ഇത് ഒഴിവാക്കുകയും ചെയ്തിരുന്നു.

പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയ അനിയെ കാണാതായി. ആർക്കും ബാധ്യതയായി ജീവിക്കാനില്ലെന്നു പറഞ്ഞ ശേഷമായിരുന്നു വീട്ടിൽ നിന്നു കാണാതായതെന്നു ബന്ധുക്കൾ പറയുന്നു. അനി ഏരൂരിലെ അമ്മയുടെ വീട്ടിലെത്തി മുറിയിൽ കയറി കതകടച്ചതായി ലഭിച്ച വിവരത്തെത്തുടർന്നു ബന്ധുക്കളെത്തി മുറിയുടെ കതകു തകർത്ത് അകത്തു കടന്നപ്പോൾ തൂങ്ങിയ നിലയിലായിരുന്നു.

മർദനമേറ്റ സംഭവത്തിൽ ഡിജിപി, കെഎസ്ആർടിസി എംഡി, മനുഷ്യാവകാശ കമ്മിഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു ബന്ധുക്കൾ ആരോപിച്ചു. കെഎസ്ആർടിസി എംഡിക്കു നൽകിയ പരാതി 3 ദിവസം മുൻപു കെഎസ്ആർടിസി പുനലൂർ എടിഒയ്ക്കും നൽകിയിരുന്നു. അനിക്കു ഭാര്യയും 2 മക്കളുമുണ്ട്.