മലപ്പുറം: പ്രഭാത സവാരി നടത്തുന്ന സ്ത്രീകളെ കയറിപ്പിടിക്കുന്നത് പതിവാക്കിയ ആൾക്കെതിരെ പൊലീസ് തിരച്ചിൽ ആരംഭിച്ചു. നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ചക്കാലക്കൂത്ത് ഭാഗങ്ങളിലാണ് പ്രഭാത സവാരി നടത്തുന്ന സ്ത്രീകളെ സ്ഥിരമായി ഒരാൾ കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികൾ പൊലീസ് സ്‌റ്റേഷനിൽ ലഭിച്ചതോടെയാണ് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്.

പ്രതിയെ കണ്ടെത്താനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചിട്ടുമുണ്ട്. ദൃശ്യങ്ങളിൽ സ്ലീവ്‌ലെസ് ടീഷർട്ട് ധരിച്ചയാളാണ് സ്ത്രീകളെ ഉപദ്രവിക്കുന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ അയാൾ ആരാണെന്നും ഏത് നാട്ടുകാരനാണെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.

പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നതായി നിലമ്പൂർ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. രേഖാമൂലം ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. എന്നാൽ പ്രദേശത്ത് നിന്നും ഫോൺവിളിച്ച് നിരവധി പേർ പരാതി അറിയിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം പരാതി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെല്ലാം പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. നിലമ്പൂർ നഗരത്തിലെ ചക്കാലക്കൂത്തിന് സമീപ പ്രദേശങ്ങളിലാണ് ഇയാളുടെ ശല്യമുള്ളതായി പരാതി ലഭിച്ചിട്ടുള്ളത്. നാളെ മുതൽ ഈ പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണമുണ്ടാകുമെന്നും നിലമ്പൂർ എസ്‌ഐ അസ്സൈനാർ മറുനാടൻ മലയാളിയോട് പറഞ്ഞു.