ചെന്നൈ: ​ഗുണ്ടാ നേതാവിനെ കൊന്ന് തലയറുത്ത് പ്രദർശിപ്പിച്ചത് ​ഗുണ്ടാകുടിപ്പകയുടെ ഭാ​ഗമായി. കഴിഞ്ഞ ജനുവരിയിൽ ഇതേ രീതിയിൽ എതിർ സംഘത്തിൽ പെട്ട മൂന്നുപേരെയാണ് കൊല്ലപ്പെട്ട എസ് മാധവന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയത്. ഞായറാഴ്‌ച്ചയാണ് തമിഴ്‌നാട്ടിൽ ഗുണ്ടാനേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയിൽവേ പാളത്തിൽ പ്രദർശനത്തിന് വച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നശേഷം തലയറുത്ത് അതേസ്ഥലത്ത് പ്രദർശിപ്പിക്കുകയായിരുന്നു. തിരുവെള്ളൂർ ജില്ലയിലെ ഗിമഡി പൂണ്ടിയിലാണ് ക്രൂര പ്രതികാരം അരങ്ങേറിയത്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് തമിഴ്‌നാടിനെ നടുക്കിയ കൂട്ട കൊലപാതകങ്ങൾ നടന്നത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് കോളേജ് വിദ്യാർത്ഥി അടക്കം മൂന്ന് പേരെ ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് പേരുടെയും തലയറുത്തെടുത്തു ന്യൂ ഗിമടിപൂണ്ടി റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ പ്രദർശിപ്പിച്ചു. എതിരാളി സംഘത്തിന് മുന്നറിയിപ്പ് കൊടുക്കാനായിരുന്നു ഇത്. ഈ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ഗുണ്ടാ നേതാവ് മാധവനെ കൊന്ന് അതേ രീതിയിൽ മറുപടി കൊടുത്താണ് എതിരാളി സംഘം പ്രതികാരം തീർത്തത്. ജൂലൈ 29നാണ് മാധവൻ കേസിൽ ജാമ്യം കിട്ടിപുറത്തിറങ്ങിയത്. കഴിഞ്ഞ ആഴ്ച ഗ്രാമത്തിൽ എത്തി.

ഞായറാഴ്ച രാവിലെ ഗുമ്മിഡിപൂണ്ടി റെയിൽവേ സ്റ്റേഷന് സമീപം ഇരുമ്പ് പാളത്തിൽ മനുഷ്യന്റെ തല ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഗുമ്മിഡിപൂണ്ടി സിപ്‌കോട്ട് പൊലീസ് സ്ഥലത്തെത്തി തല മാധവന്റേതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് കിലോമീറ്റർ അകലെയുള്ള ന്യൂ ഗുമ്മിഡിപൂണ്ടിയിലെ യൂക്കാലിപ്റ്റസ് ഫാമിൽ കിടക്കുന്ന മൃതദേഹത്തിന്റെ വിവരം ലഭിക്കുകയും ചെയ്തു. മൃതദഹത്തിന്റെ കാലുകൾ കണങ്കാലിൽ നിന്ന് മുറിച്ചുമാറ്റി, വിരലുകളും മുറിച്ചുമാറ്റിയിരുന്നു