ലഖ്നൗ: കാമുകൻ വിവാഹിതയായ യുവതിയുടെ മൂക്ക് മുറിച്ചു. വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് യുവാവ് കാമുകിയുടെ മൂക്ക് മുറിച്ചത്. ഉത്തർപ്രദേശിലെ ജലോനിലെ ഒറൈ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

വിവാഹിതയായ യുവതി ഭർത്താവുമായി വേർപിരിഞ്ഞ് അഞ്ചു വർഷമായി ഒറ്റയ്ക്കാണ് താമസം. ഇതിനിടെയാണ് ഈ യുവാവുമായി പരിചയത്തിലാവുന്നത്. തന്നെ വിവാഹം കഴിക്കാൻ യുവാവ് യുവതിയെ നിർബന്ധിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് സംസാരിച്ചിരിക്കെ തർക്കം മൂത്ത് അടിപിടിയാവുകയായിരുന്നു. ഇതിനിടെ യുവാവ് കത്തിയെടുത്ത് യുവതിയുടെ മൂക്ക് മുറിച്ചു. സംഭവത്തിനു ശേഷം ഒളിവിൽ പോയ യുവാവിനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.