ലക്നൗ: ഭാര്യയെ മുത്തലാഖ് ചൊല്ലിയ ശേഷം ഭാര്യയുടെ വീട്ടിൽ എത്തി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. ഉത്തർപ്രദേശിലെ മീററ്റിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നൃത്തം ചെയ്യാനും ജീൻസ് ധരിക്കാനും ഭാര്യ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു അനസ് എന്ന യുവാവിന്റെ കടുംകൈ.

എട്ടുവർഷം മുൻപായിരുന്നു അനസിന്റെ വിവാഹം. അനസ് ഡൽഹിയിലാണ് ജോലി ചെയ്യുന്നത്. നൃത്തം ചെയ്യാനും പാട്ടുപാടാനും ആവശ്യപ്പെട്ട് യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു എന്ന് ഭാര്യ ആരോപിച്ചു. ഇതിനെ ചൊല്ലി വഴക്കിടുമായിരുന്നു. ഭർത്താവിനെതിരെ ഗ്രാമ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ലെന്നും ഭാര്യ പറയുന്നു. രണ്ടു ദിവസം മുൻപാണ് ഭാര്യയെ അനസ് മുത്തലാഖ് ചൊല്ലിയത്.

കഴിഞ്ഞദിവസം രാത്രി വീട്ടിൽ എത്തി പെട്ടെന്ന് തീപിടിക്കുന്ന ദ്രാവകം ദേഹത്ത് തളിച്ച് അനസ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് ഭാര്യാ പിതാവ് പറയുന്നു. വീട്ടുകാർ ഉടൻ തന്നെ യുവാവിനെ രക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.