അടിമാലി: മീൻപിടിക്കുന്നതിനിടെ ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട അടിമാലി മച്ചിപ്ലാവ് കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിൽ(22)നെ കണ്ടെത്താൻ ഫയർഫോഴ്‌സിന്റെ സ്‌കൂബ ടീം തിരച്ചിൽ ആരംഭിച്ചു.

ഇന്നലെ വൈകിട്ട് 6 മണിയോടടുത്ത് 3 സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പുറപ്പെട്ട അഖിൽ കാൽവഴുതി പുഴയിലെ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ അടിമാലി പൊലീസിൽ വിവരം അറിയിച്ചു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ അടിമാലി പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും പുഴയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.ശക്തമായ മഴയും പുഴയിലെ കുത്തൊഴുക്കും മൂലം രാത്രി 8 മണിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

കോതമംഗലത്തുനിന്നും എത്തിയ സ്‌കൂബ ടീം രാവിലെ 9.30 തോടെ തിരച്ചിൽ ആരംഭിച്ചു. പുഴയിലെ ശക്തമായ ഒഴുക്ക് തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പരമാവധി മേഖലകളിൽ തിരച്ചിൽ നടത്തുമെന്നും ഫയർഫോഴ്സം സംഘം അറയിച്ചു.