റാസൽഖൈമ: കത്തിക്കുത്ത് കേസിലെ പ്രതിയെ കേവലം മൂന്നുമണിക്കുറിനുള്ളിൽ അറസ്റ്റ് ചെയ്ത് റാസൽഖൈമ പൊലീസ്.രണ്ടു പേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം സ്വന്തം രാജ്യത്തേയ്ക്ക് രക്ഷപ്പെടാൻ ശ്രമിച്ചയാളെ വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസ്ത്രത്തിലെ രക്തക്കറയാണ് പൊലീസിന് നിർണ്ണായകമായത്.

പണം കടംവാങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവമറിഞ്ഞ നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ഇത് പ്രകാരം അന്വേഷണം ആരംഭിച്ച പൊലീസ് സ്വന്തം രാജ്യത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എയർപോർട്ടിൽ വച്ച് കസ്റ്റഡിയിലെടുത്തു.

ബോർഡിങ് പാസ് ലഭിച്ച ശേഷമായിരുന്നു അറസ്റ്റ്.വിവരം നൽകിയ നിവാസികൾക്ക് റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ നന്ദി പറഞ്ഞു. അറസ്റ്റ് ചെയ്യാൻ സഹകരിച്ച വിമാനത്താവളം അധികൃതർക്കും അദ്ദേഹം കൃതജ്ഞത അറിയിച്ചു.കുത്തേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.