കോതമംഗലം: കോതമംഗലത്ത് മെഡിക്കൽ വിദ്യാർത്ഥിയെ സുഹൃത്ത് വെടിവെച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.മാനസയോട് വളരെ അടുത്ത് നിന്നാണ് രാഗിൽ കൃത്യം നിർവഹിച്ചതെന്നാണ് പ്രാഥമിക നിഗമനം.മാനസയുടെ നെഞ്ചിലും തലയിലുമാണ് രാഹിൽ വെടിവെച്ചത്.പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ പറയുന്നത് ഇപ്രകാരമാണ് തലയോട്ടിയിൽ 'എൻട്രി മുറിവും,എക്സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന്'ഡോക്ടർ വ്യക്തമാക്കി. അതായത് വെടിയുണ്ട് തലയോട്ടി തുളച്ച് പുറത്തേക്ക് പോയിരുന്നുവെന്ന് വ്യക്തമാണ്.

ആത്മഹത്യ ചെയ്ത രഖിലിന്റെ തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. മാനസയുടെ തലയിൽ രണ്ടു മുറിവുകളാണ് ഉണ്ടായിരുന്നത്. ഒന്ന് വെടിയേറ്റതും മറ്റൊന്നു വെടിയുണ്ട പുറത്തേയ്ക്കു വന്നതിന്റെയും. നെഞ്ചിലാണ് മറ്റൊരു വെടിയേറ്റത്. രഖിലിനാകട്ടെ തലയിൽ മാത്രമാണ് മുറിവുണ്ടായിരുന്നത്.സാധാരണനിലയിൽ പ്രഹരശേഷിയുള്ള തോക്കുകൾ ലഭിക്കാൻ സാധ്യത ഇല്ലെന്നിരിക്കെ എന്തു തോക്കാണ് ഉപയോഗിച്ചത് എന്നത് ഉൾപ്പെടെ പരിശോധിക്കും.

ഏതു തോക്കാണ് ഉപയോഗിച്ചത് എന്നറിഞ്ഞാൽ മാത്രമേ അതിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകൂ. എയർ പിസ്റ്റൾ സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുമെങ്കിലും ഇത് ഉപയോഗിച്ച് ക്ലോസ് റേഞ്ചിൽ പോലും ഒരാളെ വെടിവച്ചു കൊലപ്പെടുത്തുക സാധ്യമല്ല. അതുകൊണ്ടുതന്നെ പ്രഹരശേഷിയുള്ള ഏതെങ്കിലും തോക്ക് പ്രതി നിയമവിരുദ്ധമായി സമ്പാദിച്ചിരിക്കാനാണ് സാധ്യതയെന്നു കരുതുന്നു.

മാനസ കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ഇന്ന് രാഖിൽ എത്തിയത്. 'നീയെന്തിന് ഇവിടെ വന്നു?' എന്നായിരുന്നു രാഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്. ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മാനസയുടെ മുറിയിൽ കയറിയ രാഗിൽ പെട്ടന്ന് മുറി അടച്ചു പൂട്ടിയ തോക്ക് കൈയിലെടുത്തു വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് വിവരം.

വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു.രക്തത്തിൽ കുളിച്ചാണ് ഇരുവരെയും ആശുപചത്രിയിലെത്തിച്ചത്. രണ്ട് ഓട്ടോറിക്ഷകളിലായാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ആദ്യം മാനസയേയും അഞ്ചു മിനിറ്റിനു ശേഷം രഖിലിനേയും ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ഇരുവരും മരിച്ചെന്ന് വ്യക്തമായി. മാനസ താമസിച്ചിരുന്ന വാടക വീടിനോട് ചേർന്ന് താമസിച്ചിരുന്ന ഒരാളാണ് മാനസയെ ആശുപത്രിയിലെത്തിച്ചത്.

സംഭവം നടന്നതിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ്, വീടിന്റെ മുറികൾ അടച്ച് ഗാർഡ് ചെയ്തു. എസ്‌പിയുടെ നേതൃത്വത്തിൽ കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കസ്റ്റഡിയിലെടുത്തു. പ്രതിയും മരിച്ചതിനാൽ കൊലപ്പെടുത്താനുള്ള കാരണമായിരിക്കും പ്രധാനമായും പൊലീസ് അന്വേഷിക്കുക. പ്രതിയെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കും.

പ്രതിക്കു തോക്ക് എവിടെനിന്നു ലഭിച്ചെന്നതു കണ്ടെത്തുന്നതും നിർണായകമാണ്.കണ്ണൂർ, വയനാട് ജില്ലകളിൽ എയർഗൺ പ്രഹരശേഷി വർധിപ്പിക്കുന്ന നാടൻ തോക്കു നിർമ്മാതാക്കളുണ്ട്. ഇവരുടെ ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഡാർക്ക് വെബ് വഴി ഓൺലൈനായി വാങ്ങാൻ സാധിക്കുമെന്നും വിവരമുണ്ട്. ഈ വഴിക്കെല്ലാം പരിശോധന നീളും. ഏതു മോഡൽ തോക്കാണ് ഉപയോഗിച്ചത് എന്നു മനസിലാക്കാനായാൽ മാത്രമേ ഇതു സംബന്ധിച്ചു വ്യക്തതയുണ്ടാകൂ.